doctor

തിരുവനന്തപുരം: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഗുരുതരരോഗം പിടിപെട്ട ഡോക്‌ടർക്ക് സ്പെഷ്യൽ ഡിസബിലിറ്റി ലീവ് നിഷേധിച്ച ആരോഗ്യവകുപ്പിന്റെ നടപടി തള്ളി അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ. ഇടുക്കി ജില്ലാ ടിബി ഓഫീസറും, ഡെപ്യൂട്ടി ഡിഎംഒയുമായ ഡോ. ഉമാദേവിക്കാണ് നിഷേധിക്കപ്പെട്ട നീതി തിരികെ ലഭിച്ചത്. രോഗികളുമായുള്ള നിരന്തരമായ സമ്പർക്കത്തെ തുടർന്നാണ് ഡോ. ഉമാദേവിക്ക് ക്ഷയരോഗം പിടിപെട്ടത്. വിദഗ്‌ദ്ധ പരിശോധനയിലൂടെ അസ്ഥി മജ്ജയെ ബാധിക്കുന്ന അതീവഗുരുതരമായ അവസ്ഥയാണെന്ന് മനസിലാവുകയായിരുന്നു. തുടർ ചികിത്സയ‌ുടെ ആവശ്യാർത്ഥം സ്പെഷ്യൽ ഡിസബിലിറ്റി ലീവിന് ഡോ. ഉമാദേവി നൽകിയ അപേക്ഷയാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദാക്ഷിണ്യം തള്ളിയത്.

തുടർന്ന് ഡോ. ഉമയുടെ പിതാവ് ആരോഗ്യവകുപ്പ് മന്ത്രിക്ക് റിവ്യു പെറ്റിഷൻ നൽകി. എന്നാൽ മന്ത്രി ഫയൽ ആരോഗ്യവകുപ്പിന് തന്നെ കൈമാറുകയായിരുന്നു. ഇത്തവണ അപേക്ഷ വീണ്ടും നിരസിക്കപ്പെട്ടുവെന്ന് മാത്രമല്ല, കൃത്യനിർവഹണത്തിനിടയിൽ സംഭവിക്കാനിടയുള്ള 'ഓർഡിനറി റിസ്‌ക്' എന്ന് ഉപമിച്ചുകൊണ്ടാണ് ആരോഗ്യവകുപ്പ് അപേക്ഷ നിരസിച്ചത്. ഇതിനെതിരെയാണ് ഡോ. ഉമ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്.

വളരെ നിർദയമായാണ് ആരോഗ്യവകുപ്പ് പരാതിക്കാരിയുടെ അവധി അപേക്ഷ നിരസിച്ചതെന്ന് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ വിലയിരുത്തി. കെഎസ്ആർ റൂൾ 97,98 (പാർട്ട്-1)പ്രകാരം സർക്കാർ ജീവനക്കാർക്ക് തങ്ങളുടെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ സംഭവിക്കുന്ന അപകടങ്ങളെ തുടർന്നുണ്ടാകുന്ന ശാരീരിക വൈകല്യങ്ങളുടെ ചികിത്സാർത്ഥം അനുവദിക്കപ്പെടുന്നതാണ് സ്പെഷ്യൽ ഡിസബിലിറ്റി ലീവ്. സൂപ്രണ്ടിന്റെ തസ്‌തികയിലുള്ള ഡോക്‌ടർക്ക് വേണമെങ്കിൽ ഓഫീസ് മുറിയിൽ ഇരുന്ന് കാര്യങ്ങൾ നിയന്ത്രിക്കേണ്ടതേ ഉണ്ടായിരുന്നുള്ളുവെങ്കിൽ പോലും, ടിബി ഓഫീസർ എന്ന നിലയിലുള്ള തന്റെ കർത്തവ്യം അവർ നിറവേറ്റുക കൂടിയായിരുന്നുവെന്ന് ട്രിബ്യൂണൽ വിലയിരുത്തി.

ഡോക്‌ടർ ഉമയ‌്ക്ക് അർഹമായ ശമ്പളത്തോടുകൂടിയ പ്രത്യേക അവധി അനുവദിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അംഗം ബെന്നി ഗർവാസിസ് സർക്കാരിന് ഉത്തരവ് നൽകി. ആറാഴ്‌ചയ‌്ക്കകം ഇതുസംബന്ധിച്ച് നടപടികൾ പൂർത്തിയാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.