ന്യൂഡൽഹി: ലഡാക്ക് ഉൾപ്പെടെയുള്ള ഇന്ത്യ - ചൈന അതിർത്തി പ്രദേശത്ത് വിന്യസിച്ചിട്ടുള്ള സൈനികരുടെ എണ്ണം ചൈന വർദ്ധിപ്പിച്ചതായി ഇന്ത്യയുടെ സൈനിക മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനു വേണ്ടി അതിർത്തിയിലെ സൈനികത്താവളങ്ങൾ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു നരവാനെ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം സംഘർഷബാധിതമായി കിടന്നിരുന്ന പ്രദേശങ്ങളിൽ നിന്നും സൈനികരെ പിൻവലിക്കുന്നതിനെകുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്ന അവസരത്തിലാണ് ചൈന അതിർത്തിയിലെ തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി കൂടുതൽ സൈനികരെ നിയോഗിച്ചിരിക്കുന്നത്. ചൈനയുടെ ഈ നീക്കം ഇന്ത്യ വളരെ കരുതലോടെയാണ് വീക്ഷിക്കുന്നത്.
അതിർത്തിയിൽ ഏതുരീതിയിലുള്ള പ്രകോപനം നേരിടാനും ഇന്ത്യൻ സൈന്യം സജ്ജമാണെന്നും അയൽ രാജ്യത്തിന്റെ നീക്കങ്ങൾ അതീവ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നതെന്നും നരവാനെ പറഞ്ഞു. ചൈനയുടെ നിലവിലെ സൈനിക ശക്തിക്ക് അനുസൃതമായ നവീകരണങ്ങൾ ഇന്ത്യൻ സൈന്യവും നടത്തുന്നുണ്ടെന്ന് നരവാനെ കൂട്ടിച്ചേർത്തു. കഴിഞ്ഞ ആറുമാസമായി ഇന്ത്യ - ചൈന അതിർത്തിയിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും ഈ മാസം നടക്കുന്ന 13ാം വട്ട സമാധാന ചർച്ചയ്ക്കു ശേഷം അതിർത്തിയിൽ നിന്നുള്ള സൈനിക പിന്മാറ്റത്തെകുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നും സൈനികമേധാവി പറഞ്ഞു.