' ഇങ്ങനെയൊരു മനുഷ്യൻ മജ്ജയും മാംസത്തോടും കൂടി ഈ ഭൂമുഖത്ത് ജീവിച്ചിരുന്നു
എന്ന് വരുംതലമുറ വിശ്വസിച്ചേക്കില്ല....' എന്ന് പറഞ്ഞത് ലോക പ്രശസ്ത ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ ആണ്.
ഒരേ സമയം പ്രവാചകനും രാഷ്ട്രീയ നേതാവും
മികച്ച സംഘാടകനും മാസ്മരിക പ്രഭാവമുള്ള ആത്മീയ പുരുഷനും കൂടിയാണ് ഗാന്ധിജി. എന്നാൽ നിത്യ ജീവിതത്തിലെ ഏറ്റവും ചെറിയ കാര്യത്തിനും പ്രാധാന്യം കൽപ്പിച്ച ധിഷണാശാലി കൂടിയാണ് ബാപ്പുജി.
എല്ലാ തിരക്കുകൾക്കിടയിലും ആഴമുള്ള, രാഷ്ട്രപ്രധാനമായ ചർച്ചകൾക്കിടയിലും ഗാന്ധിജി നിഷ്‌കളങ്കമായ നർമബോധം കൈവിട്ടിരുന്നില്ല. എല്ലാവരുമായും നർമം പങ്കിടാൻ ഗാന്ധിജി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതോടൊപ്പം തന്നെ ആദർശ വിശുദ്ധിയിൽ സൂക്ഷ്മത കാണിക്കുന്നതിൽ കർക്കശക്കാരനും ആയിരുന്നു ഗാന്ധിജി.
ഗാന്ധിജിയുടെ ജീവിതത്തിൽ നിന്നും കണ്ടെടുത്ത, ചിരിക്കാനും ആഴത്തിൽ ചിന്തിക്കാനും വക നൽകുന്ന ചില മുഹൂർത്തങ്ങൾ പങ്കിടുകയാണിവിടെ.
വെള്ളചാട്ടമോ മഴവെള്ളമോ ലോകാത്ഭുതം
1929 ഒക്ടോബർ നവംബർ കാലഘട്ടം . രാജാജിയുടെ (സി.രാജഗോപാലാചാരി ) നിർദേശപ്രകാരം ദക്ഷിണേന്ത്യയിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനായി രണ്ടുമാസക്കാലം ഗാന്ധിജി മൈസൂർ നഗരത്തിനടുത്തുള്ള നന്ദഗിരിയിൽ താമസിച്ചിരുന്നു .മൈസൂർ മഹാരാജാവായിരുന്ന ജയചാമരാജ വാഡിയാറും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥന്മാരും എപ്പോഴും ഗാന്ധിജിയെ കാണാൻ വരുമായിരുന്നു .
ബാപ്പുജിയുടെയും സംഘത്തിന്റെയും നേരമ്പോക്കിനായി രാജാജി പരിപാടികളും സംഘടിപ്പിച്ചിരുന്നു .മനോഹര നഗരമായ മൈസൂരിലെ ശരാവതി നദിക്കരികെയുള്ള ഗിരിസപ്പ വെള്ളച്ചാട്ടം വളരെ പ്രസിദ്ധമാണ് .ഒരു ദിവസം അങ്ങോട്ട് യാത്ര പോകാൻ ഗാന്ധിജിയുടെ സെക്രട്ടറി മഹാദേവ് ദേശായിയും മറ്റും സന്നദ്ധരായി. മുപ്പത് കിലോമീറ്റർ ഉയരത്തു നിന്നും വെള്ളം വീഴുന്ന ദൃശ്യം കാണാൻ പോകണമെന്ന് അവർ ഗാന്ധിജിയോട് അഭ്യർത്ഥിച്ചു.
ഗാന്ധിജിയുടെ രസകരമായ മറുപടി 'അതിൽ കാണാനെന്തിരിക്കുന്നു...? ഗിരിസപ്പയെക്കാൾ എത്രയോ ഉയരത്തിൽ ഉള്ള ആകാശത്തു നിന്നും എന്നും മഴവെള്ളം താഴേക്കു വീഴുന്നിലേ .ആ അത്ഭുതം ദിവസവും വീട്ടിലിരുന്നു നമുക്ക് കാണാനാകുന്നില്ലേ.....' അതും പറഞ്ഞു ഗാന്ധിജി അടുത്ത പണിയിലേക്കു മുഴുകി .!!!
സ്വാതന്ത്ര്യം കിട്ടാൻ താമസിച്ചാൽ ഉത്തരവാദി ലോകമാന്യൻ !
സ്വാതന്ത്ര്യ സമര തീക്ഷ്ണത മുറ്റി നിൽക്കുന്ന ഒരു സമ്മേളന സ്ഥലത്തു (ഗുജറാത്തിൽ) ഗാന്ധിജിയും ലോകമാന്യ ബാലഗംഗാധര തിലകനും സംസാരിക്കാനുണ്ടായിരുന്നു . ഗാന്ധിജി കൃത്യ സമയത്തു എത്തി.എന്നാൽ തിലകൻ വരാൻ താമസിച്ചു .ഗാന്ധിജി പ്രസംഗം തുടങ്ങി .കുറച്ചു കഴിഞ്ഞു തിലകനും എത്തി. തിലകനെ സ്വാഗതം ചെയ്തു കൊണ്ട് ഗാന്ധിജി പറഞ്ഞു ..' ലോകമാന്യ തിലകൻ അര മണിക്കൂർ താമസിച്ചാണ് എത്തിയത്.നമുക്കു സ്വാതന്ത്ര്യം കിട്ടാൻ അര മണിക്കൂർ താമസിച്ചാൽ അതിന്റെ കുറ്റം തിലകൻ ഏൽക്കേണ്ടി വരും ...'സമരച്ചൂടിലും ആ വലിയ സദസ്സ് ഗാന്ധിജിയുടെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിച്ചു .
സമയ നിഷ്ഠയിൽ ഗാന്ധിജി കർക്കശക്കാരനായിരുന്നു .എല്ലാം കൃത്യ സമയങ്ങളിൽ ചെയ്തു തീർക്കുക എന്നത് ഗാന്ധിജിക്കു നിർബന്ധമായിരുന്നു .ഗാന്ധിജിയുടെ നടത്തത്തിന്റെ വേഗത ഏറെ പ്രസിദ്ധവുമാണ്.
സൈക്കിൾ ചവിട്ടി വൈസ് ചാൻസിലർ !!
മറ്റൊരിക്കൽ , ഗുജറാത്തു വിദ്യാപീഠത്തിന്റെ വൈസ് ചാൻസിലർ എന്ന നിലയിൽ സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ തയ്യാറായിരുന്ന ഗാന്ധിജിക്ക്. സംഘാടകർ വണ്ടി അയക്കാൻ താമസിച്ചതിനാൽ കാത്തിരിക്കേണ്ടി വന്നു .അവസാനം , സമയത്തു യോഗത്തിൽ പങ്കെടുക്കാനുള്ളതിനാൽ ഗാന്ധിജി നടന്നു പോകാൻ തീരുമാനിച്ചു .വേഗത്തിൽ നടന്നിട്ടും സമയനിഷ്ഠ പാലിക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ ഗാന്ധിജി വഴിയിൽ കണ്ട ഒരു കോൺഗ്രസ് പ്രവർത്തകന്റെ സൈക്കിൾ വാങ്ങി അത് ചവിട്ടി കൃത്യസമയത്തു തന്നെ സെനറ്റ് യോഗത്തിൽ പങ്കെടുത്തു .വൈസ് ചാൻസിലർ സൈക്കിളിൽ വരുന്നത് കണ്ട സംഘാടകർ മാപ്പു പറഞ്ഞു ....
എന്നെ കൊന്നോളൂ, ആരുമറിയില്ല
ദക്ഷിണാഫ്രിക്കയിലെ സമര പോരാട്ടങ്ങൾക്ക് ശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയ ഗാന്ധിജി ആദ്യം ഏറ്റെടുത്ത സമരം ബീഹാറിലെ ചമ്പാരനിലെ നീലം കർഷകർക്ക് വേണ്ടിയായിരുന്നു .വെള്ളക്കാരായ തോട്ടം ഉടമകൾ ഗാന്ധിജിക്കെതിരായി നിലകൊണ്ടു .തൊഴിലാളികൾ ഗാന്ധിജിയുടെ വീടിനു കാവൽ നിന്നു .ഒരു തോട്ടം ഉടമ ഗാന്ധിജിയെ കൊല്ലാൻ തീരുമാനിച്ച വിവരം ഗാന്ധിജി അറിഞ്ഞു .അന്ന് രാത്രി തൊഴിലാളികൾ അറിയാതെ രഹസ്യമായി ഗാന്ധിജി തോട്ടം ഉടമയുടെ വീട് തേടിക്കണ്ടു പിടിച്ചു അവിടെയെത്തി .വാതിൽ തുറന്ന തോട്ടം ഉടമയോട് പറഞ്ഞു ' നിങ്ങൾ കൊല്ലാൻ ആഗ്രഹിക്കുന്ന ആൾ ഞാനാണ് .ഞാൻ ഇവിടെ വന്നത് ആരുമറിഞ്ഞിട്ടില്ല .നിങ്ങൾ ഇപ്പോൾ എന്നെ കൊന്നോളൂ ..' തോട്ടം ഉടമ ലജ്ജിച്ചു തല താഴ്ത്തി . ഗാന്ധിജിയോട് മാപ്പു പറഞ്ഞു .
ഞാൻ കൃഷിക്കാരൻ
ചമ്പാരനിലെ ഒരു കേസ് വിസ്താരത്തിനിടെ സർക്കാർ വക്കീൽ ഗാന്ധിജിയോട് 'നിങ്ങളുടെ തൊഴിൽ എന്താണ്' എന്ന് ചോദിച്ചു 'കൃഷിയും നെയ്ത്തും ' ഗാന്ധിജി പറഞ്ഞു .ബാരിസ്റ്റർ എന്നോ രാഷ്ട്രീയക്കാരൻ എന്നോ പറയാമായിരുന്നെങ്കിലും ഗാന്ധിജി ഏറ്റവും തൃപ്തി കണ്ടിരുന്നത് കൃഷിയിലും നെയ്ത്തിലും ആയിരുന്നു മനുഷ്യൻ ബുദ്ധിപരമായ ജോലികൾ ചെയ്യമ്പോഴും കായികാധ്വാനത്തിനു കൂടി സമയം കണ്ടെത്തണമെന്നായിരുന്നു ഗാന്ധിജിയുടെ നിലപാട്
ഗോഖലെയുടെ തുണിയലക്കി ഗാന്ധിജി
എന്ത് ജോലി ചെയ്യാനും ഗാന്ധിജിക്ക് മടിയില്ലായിരുന്നു .ആശ്രമത്തിലെ കക്കൂസ് വൃത്തിയാക്കാനും കൃഷിപ്പണി ചെയ്യാനും വസ്ത്രമലക്കാനും പാചകം ചെയ്യാനും ഒക്കെ ഗാന്ധിജി സമയം കണ്ടെത്തിയിരുന്നു .ദക്ഷിണാഫ്രിക്കയിലെ ഫീനിക്‌സ് ആശ്രമത്തിലും ടോൾസ്റ്റോയി ഫാമിലും അതിഥികൾ വരമ്പോൾ മുഖ്യ പാചകക്കാരൻ ഗാന്ധിജി ആയിരുന്നു.
തന്റെ രാഷ്ട്രീയഗുരു എന്ന് ഗാന്ധിജി വിശേഷിപ്പിച്ചിരുന്ന ഗോപാലകൃഷ്ണ ഗോഖലെ ദക്ഷിണാഫ്രിക്ക സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ അലക്കി തേച്ചു നൽകിയത് ഗാന്ധിജി ആയിരുന്നു .ചെരുപ്പ് നന്നാക്കാനും മുടി വെട്ടാനും ഒക്കെ ഗാന്ധിജിക്കറിയാമായിരുന്നു എല്ലാ തൊഴിലും സേവന മനോഭാവത്തോടെ ചെയ്യാൻ നാം തയ്യാറാകമ്പോഴാണ് ഈശ്വരസേവ ആകുന്നതെന്നും ഗാന്ധിജി വിശ്വസിച്ചു
ജഡ്ജി എഴന്നേറ്റു നിന്ന് പ്രതിക്ക് ശിക്ഷ വിധിച്ചു
ലോകത്തെ തന്നെ ആദ്യ സംഭവമായിരുന്നു ഇത് .ചൗരി ചൗരാ സംഭവത്തിൽ (സ്വാതന്ത്ര്യ സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു പന്ത്രണ്ടോളം പോലീസ് കാരെ ചുട്ടുകൊന്ന സംഭവം ) ദുഃഖിതനായ ഗാന്ധിജി ,തുടർന്ന് നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെയ്ക്കുകയുണ്ടായല്ലോ .1922 മാർച് 10 നു അഹമ്മദാബാദിൽ വെച്ച് സർക്കാർ ഗാന്ധിജിയെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
ജില്ലാ മജിസ്‌ട്രേറ്റ് ബ്രൂം ഫീൽഡിന്റെ കോടതിയിൽ വിചാരണ നടത്തി.ആ കേസ് ലോകശ്രദ്ധ നേടി . കോടതിയിൽ കുറ്റം സമ്മതിച്ചു കൊണ്ട് , എന്തുകൊണ്ടാണ് ജനം ഇത്തരത്തിൽ ഹിംസാത്മകമായി സമരം നടത്തിയത് എന്നു വിശദീകരിച്ചും ബ്രിട്ടീഷ് സർക്കാരിന്റെ കൊള്ളരുതായ്മകളെ തുറന്നു കാട്ടിയും സംസാരിച്ചു. തുടർന്ന് ഗാന്ധിജി ഇങ്ങനെ പറഞ്ഞു
' 'ഈ ക്രൂര ഭരണകൂടത്തെ അഹിംസാത്മകമായി എതിർത്തു സ്വാതന്ത്ര്യം കൈവരിക്കുകയാണ് എന്റെയും ജനങ്ങളുടെയും ലക്ഷ്യം .അതിനാൽ ഞങ്ങൾ സസന്തോഷം കുറ്റം സമ്മതിക്കുന്നു.ഏറ്റവും കഠിനമായ ശിക്ഷ ഞങ്ങൾക്ക് നൽകികൊണ്ട് സ്വന്തം കർത്തവ്യം നിറവേറ്റുകയാണ് ജഡ്ജി ചെയ്യേണ്ടത്'
ലോകത്തിൽ നാളിതു വരെ ഇത്തരം ഒരു പ്രതിയും മൊഴിയും ഉണ്ടായിട്ടില്ലെന്ന് ജഡ്ജി പറഞ്ഞു.. പ്രതിയെ പോലെ ന്യായാധിപനും എഴന്നേറ്റ് നിന്ന് ക്ഷമാപണം നടത്തിക്കൊണ്ട് ജഡ്ജി പ്രതിക്ക് (ഗാന്ധിജിക്ക് ) ആറു വർഷത്തെ തടവുശിക്ഷ വിധിച്ചു.
2007 ൽ ഐക്യരാഷ്ട്ര സഭ ഗാന്ധി ജയന്തി ദിനം ലോക അഹിംസാദിനമായി പ്രഖ്യാപിച്ചതിനാൽ ഇന്ന് 197 രാഷ്ട്രങ്ങളിലും മഹാത്മജിയുടെ ജന്മദിനാഘോഷം നടക്കുകയാണ്. സ്‌നേഹത്തിന്റെ ഈ വലിയ പ്രവാചകനു മുന്നിൽ അഞ്ജലീ പുഷ്പങ്ങൾ അർപ്പിക്കുന്നു