കോട്ടയം: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോേക്കവിഭാഗക്കാരെ കണ്ടെത്താൻ നടത്തുന്ന സംസ്ഥാന സർക്കാരിന്റെ സർവെയ്‌ക്കെതിരെ എതിർപ്പുന്നയിച്ച് എൻ.എസ്.എസ്. മൊബൈൽ ആപ്പ് വഴിയുളള വിവര ശേഖരണം വഴി യഥാർത്ഥ വിവരം ലഭ്യമാകില്ല. നിലവിൽ തദ്ദേശ സ്വയംഭരണ വാർഡുകളിൽ ആപ്പ് വഴി പിന്നാക്കം നിൽക്കുന്ന അഞ്ച് കുടുംബങ്ങളിൽ നിന്ന് വിവരം ശേഖരിക്കുന്നതാണ് രീതി. മുഴുവൻ മുന്നാക്ക വിഭാഗക്കാരുടെ വീടുകളും സന്ദർശിക്കാതെ ഇത്തരം സർവെ വഴി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വിവരം ലഭിക്കില്ല. അഞ്ച് കുടുംബങ്ങളുടെ വിവരം മാത്രമെടുത്താൽ എങ്ങനെ സമഗ്രമാകും, അതിനാൽ യോഗ്യരായവരെക്കൊണ്ട് സർവെ നടത്തണമെന്ന് എൻഎസ്‌എസ് ആവശ്യപ്പെടുന്നു.
അതേസമയം സർവെ കുടുംബശ്രീ വഴി നടത്താൻ മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപറേഷൻ വാർഡുകളിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അഞ്ച് കുടുംബങ്ങളെ വീതം കണ്ടെത്താനും വിവരം ശേഖരിക്കാനുമാണ് സർവെ ഉദ്ദേശിക്കുന്നത്. ഇതിനായി 75 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ആധികാരിക രേഖയായി മാറേണ്ടതാണ് സർവെയെന്നും ഉദ്യോഗസ്ഥർ നേരിട്ടെത്തുന്ന സെൻസസ് മാതൃകയിലാകണം സർവെയെന്നും എൻഎസ്‌എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ആവശ്യപ്പെടുന്നു.