ഹൈദരാബാദ്: താരദമ്പതികളിൽ പ്രമുഖരായ നാഗചൈതന്യയും സാമന്തയും വിവാഹമോചിതരാകുന്നെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഇരു താരങ്ങളും സംയുക്തമായി തയ്യാറാക്കിയ കുറിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് അഭ്യൂഹങ്ങൾ സത്യമായിരുന്നുവെന്ന് തെളിഞ്ഞത്.
മുൻപ് സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് സാമന്ത പേരിൽ ചേർത്തിരുന്ന നാഗചൈതന്യയുടെ കുടുംബപേരായ അക്കിനേനി നീക്കിയിരുന്നു. ഇതാണ് ഇരുവരും അകലുന്നതായി ചർച്ചയുണ്ടാകാൻ കാരണമായത്. വർഷങ്ങളായുളള സൗഹൃദമാണ് 2017ൽ ഗോവയിൽ വച്ച് വിവാഹത്തിലെത്തിയത്. ഗൗതം മേനോന്റെ തെലുങ്ക് ചിത്രം 'യേ മായ ചേസാവെ'യിൽ അഭിനയിക്കുമ്പോഴാണ് 2010ൽ ഇരുവരും തമ്മിൽ പ്രണയത്തിലായത്.
സിനിമയിൽ തുടരുന്നതിനുളള സാമന്തയുടെ തീരുമാനമാണ് ഇരുതാരങ്ങളും തമ്മിലെ ബന്ധത്തിൽ വിളളലുണ്ടാകാൻ കാരണമായി ഗോസിപ്പുകളിൽ വന്നിരുന്നത്. തങ്ങൾ ഇരുവരും അവരവരുടെ വഴികളിലേക്ക് പിരിയുകയാണെന്നും ആഴത്തിലുളള സൗഹൃദം തുടരാനാകുമെന്ന് കരുതുന്നതായുമാണ് ഇരുവരും പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്. പിൻതാങ്ങിയവർക്ക് നന്ദി പറയുന്നതായും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഇരുവരും ആവശ്യപ്പെടുന്നുണ്ട്.