തിരുവനനതപുരം: ലോക്ഡൗണിന് ശേഷം അടഞ്ഞുകിടക്കുന്ന സിനിമ തീയേറ്ററുകൾ തുറക്കുന്നതിന് തീരുമാനമായി. ഈ മാസം 25 മുതൽ തീയേറ്ററുകൾ തുറക്കാനാണ് കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ തീയേറ്ററുകൾ തുറക്കും. പൂർണമായ തുറക്കൽ എന്നാൽ സാദ്ധ്യമാകില്ലെന്നാണ് സൂചന. ഇക്കാര്യങ്ങൾ സിനിമാ സംഘടനകളുമായി ചർച്ച ചെയ്‌ത് സർക്കാർ മാർഗരേഖ പുറത്തിറക്കും. ഏതാണ്ട് ആറ് മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് സിനിമാ തീയേറ്ററുകൾ തുറക്കുന്നത്.
ഒക്‌ടോബർ 25 മുകൽ ഇൻഡോർ ഓഡിറ്റോറിയങ്ങളും തുറക്കാൻ യോഗം തീരുമാനിച്ചു. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച തൊഴിലാളികളെ ഉൾപ്പെടുത്തി രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് പ്രവേശനം അനുവദിക്കും. ആകെയുളള സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനമേ അനുവദിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോളേജുകളിലും രണ്ട് ഡോസ് വാക്‌സിനെടുത്ത ജീവനക്കാർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരെ വച്ച് ഒക്‌ടോബർ 18 മുതൽ ക്ളാസാരംഭിക്കും.
മരണാനന്തര ചടങ്ങുകളിലും കല്യാണങ്ങളിലും 50 പേരെ വരെ അനുവദിക്കും. 50 പേരെ ഉൾപ്പെടുത്തി ശാരീരിക അകലം പാലിച്ച് നവംബർ ഒന്നുമുതൽ ഗ്രാമസഭകളും അനുവദിക്കും. കുട്ടികൾക്കിടയിൽ നടത്തിയ സെറോ പ്രിവലൻസ് സർവേ പൂർത്തിയായി. സ്‌കൂളുകൾ തുറക്കാനുള്ള മാർഗരേഖയും ഉടൻ പുറത്തിറക്കും. കുട്ടികൾക്കുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.