gandhi

കൊച്ചി: രാജ്യത്ത് രാഷ്‌ട്രപിതാവിന്റെ പ്രതിമയില്ലാത്ത ഏക പ്രദേശമായ ലക്ഷദ്വീപിൽ ഇന്ന് മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്‌തു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് പ്രതിമ അനാച്ഛാദനം ചെയ്‌തത്. ഗാന്ധി ജയന്തി പ്രമാണിച്ച് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ സംഘടിപ്പിച്ച ദ്വീപ് ഭരണകൂടം അതിനൊടുവിൽ ഇന്നാണ് പ്രതിമ അനാച്ഛാദനവും നടത്തിയത്.

തന്നെ ചടങ്ങിന് ക്ഷണിച്ചില്ലെങ്കിലും പങ്കെടുക്കുമെന്നാണ് ദ്വീപ് ലോക്‌സഭാംഗം മുഹമ്മദ് ഫൈസൽ അറിയിച്ചത്. ഇതുവരെ പ്രതിമ സ്ഥാപിക്കാൻ കഴിയാത്തത് ആധുനിക ജനാധിപത്യ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത യാഥാ‌ർത്ഥ്യമായിരുന്നെന്നും കാലഹരണപ്പെട്ട മതവൈകൃത നിയമത്തിന് കോൺഗ്രസ് നേതൃത്വം വഴങ്ങിയത് ഇന്ത്യൻ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണെന്നും യുവമോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ജി വിഷ്‌ണു അഭിപ്രായപ്പെട്ടു. ഫേസ്‌ബുക്ക് കുറിപ്പിലാണ് ഇക്കാര്യങ്ങൾ വിഷ്‌ണു ആരോപിക്കുന്നത്.

ഓരോ ശ്വാസത്തിലും രാമരാജ്യം സ്വപ്‌നം കണ്ട മഹാത്മാവിന്റെ പ്രതിമ ലക്ഷദ്വീപ് മണ്ണിൽ സ്ഥാപിക്കാൻ രാമക്ഷേത്ര നി‌ർമ്മാണത്തിന് നിയോഗിക്കപ്പെട്ട മോദി സർക്കാരിനായെന്നും വിഷ്ണു പോസ്‌റ്റിലൂടെ പറയുന്നു.