kk

തിരുവനനതപുരം: കൊവിഡ് ഇളവുകളുടെ ഭാഗമായി സിനിമാ തിയേറ്ററുകൾ തുറക്കുന്നതിന് ഇന്ന് ചേർന്ന അവലോകനയോഗം തീരുമാനിച്ചിരുന്നു, ഈ മാസം 25 മുതൽ തിയേറ്ററുകൾ തുറക്കാനാണ് തീരുമാനമായത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ തീയേറ്ററുകൾ തുറക്കും. ജീവനക്കാരും പ്രേക്ഷകരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. 50 ശതമാനം പേർക്കായിരിക്കും പ്രവേശനം. പൂർണമായ തുറക്കൽ എന്നാൽ സാദ്ധ്യമാകില്ലെന്നാണ് സൂചന. ഇക്കാര്യങ്ങൾ സിനിമാ സംഘടനകളുമായി ച‌ർച്ച ചെയ്‌ത് സർക്കാർ മാർഗരേഖ പുറത്തിറക്കും. ഏതാണ്ട് ആറ് മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് സിനിമാ തീയേറ്ററുകൾ തുറക്കുന്നത്.

തിയേറ്ററുകൾ തുറക്കുന്നതിന് പിന്നാലെ റിലീസിനൊരുങ്ങുന്ന സിനിമകളെക്കുറിച്ചുള്ള ചർച്ചകളും സജീവമായിട്ടുണ്ട്. നിരവധി ചിത്രങ്ങളാണ് തിയേറ്റർ റിലീസിനായി കാത്തിരിക്കുന്നത്. ഇതിൽ മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് തീയതിക്കായി കാത്തിരിക്കുകയാണ് ആരാധാകർ.

എന്നാൽ മരയ്ക്കാർ| ഉടൻ തിയേറ്ററിലെത്തില്ലെന്നാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ നൽകുന്ന സൂചന. പകുതിപേർക്ക് മാത്രം പ്രവേശനം നൽകുന്നത് ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമെന്നതിനാൽ മരയ്ക്കാർ ഉടൻ റിലീസ് ചെയ്യില്ലെന്നാണ് ആന്റണി പെരുമ്പാവൂർ പ്രതികരിച്ചത്. തിയേറ്ററുകൾ പൂർണതോതിൽ പ്രവർത്തിച്ചുതുടങ്ങിയതിന് ശേഷം മാത്രം ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം.

മലയാളത്തിലെ തന്നെ എറ്റവും ചിലവേറിയ ചിത്രമാണ് മരയ്ക്കാര്‍. റിലീസിംഗിന് തയ്യാറായിരുന്നെങ്കിലും കൊവിഡിനെത്തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചത് വലിയ തിരിച്ചടിയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് റിലീസും നീണ്ടുപോയത്. ചിത്രം ഒ.ടി.ടി വഴി റിലീസ് ചെയ്യില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി. കുരുവിള, റോയ് സി.ജെ. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്. സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

നിവിൻപോളി- രാജീവ് രവി ചിത്രം തുറമുഖമാണ് റിലീസിനൊരുങ്ങുന്നവയിൽ മറ്റൊന്ന്. ഇതിന്റെ റീലീസും പ്രഖ്യാപിച്ചിട്ടില്ല. പ്രണവ് മോഹൻലാലിനും കല്യാണി പ്രിയദ‌ർശനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഹൃദയം തിയേറ്ററിൽ റിലീസ് ചെയ്യുമെന്നാണ് സംവിധായകൻ വിനീത് ശ്രീനിവാസൻ നേരത്തെ അറിയിച്ചിരുന്നത്.