trisool

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ പ്രസിദ്ധമായ ത്രിശൂല പർവതനിരയിലുണ്ടായ ഹിമപാതത്തിൽ കാണാതായ നാല് നാവികസേന ഓഫീസറുടെയും ഒരു നാവികന്റെയും മൃതദേഹം കണ്ടെത്തി. അപകടം നടന്ന് 15 ദിവസത്തിന് ശേഷമാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. നാവികസേനാ ഉദ്യോഗസ്ഥനായ ഒരാളുടെയും ഇവർക്കൊപ്പമുണ്ടായിരുന്ന ചുമട്ട് തൊഴിലാളിയെയും ഇനിയും കണ്ടെത്താനുണ്ട്. പർവതാരോഹണ ദൗത്യത്തിലുണ്ടായിരുന്നതാണ് ഇവരും.

അപകടത്തിൽ വീരന്മാരായ സൈനികരെയാണ് നഷ്‌ടമായതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. ലഫ്. കമാന്റർമാരായ രജ്‌നികാന്ത് യാദവ്, യോഗേഷ് തിവാരി,അനന്ദ് കുക്രേതി, നാവികൻ ഹരി ഓം എന്നിവരുടെ ജീവനാണ് നഷ്‌ടമായത്.

ഉത്തരകാശിയിലെ നെഹ്രു പർവതാരോഹണ ഇൻസ്‌റ്റി‌റ്റ്യൂട്ടിലെ കേണൽ അമിത് ബിഷ്‌തിന്റെ നേതൃത്വത്തിലാണ് കാണാതായ ആളെ തിരയുന്നത്. കര,വ്യോമ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും ഒപ്പമുണ്ട്. നാവികസേനയുടെ 20 അംഗ പർവതാരോഹക സംഘമാണ് 15 ദിവസങ്ങൾക്ക് മുൻപ് പുല‌ർച്ചെ അഞ്ചിനുണ്ടായ ഹിമപാതത്തിന് ഇരയായത്.