ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിനിമാ തിയേറ്റർ എന്ന റെക്കാഡ് ഇനി ഇന്ത്യയ്ക്ക് സ്വന്തം. ലഡാക്കിൽ നിർമ്മിച്ച പുതിയ തിയേറ്ററാണ് റെക്കാഡ് പുസ്തകത്തിൽ ഇടംപിടിച്ചത്. സമുദ്രനിരപ്പിൽ നിന്നും 11562 അടി ഉയരത്തിലാണ് ഈ സിനിമാതിയറ്റർ. എന്നാൽ സാധാരണ തിയേറ്റർ പോലെയല്ല ഇതിന്റെ രൂപകല്പന. കാറ്റുനിറച്ച് നിർമ്മിച്ചെടുക്കുന്ന ഇൻഫ്ലേറ്റബിൾ തിയേറ്ററാണ് ഇത്. ലഡാക്കിന്റെ ഉൾപ്രദേശങ്ങളിലുള്ളവർക്കും ചലച്ചിത്രങ്ങൾ കാണാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് തിയേറ്റർ നിർമ്മിച്ചിരിക്കുന്നത്. പിക്ചർടൈം ഡിജിപ്ലക്സ് എന്ന സ്ഥാപനമാണ് നിർമാതാക്കൾ. കഴിഞ്ഞ മാസമാണ് േആരംഭിച്ചത്.
ഇൻഫ്ലേറ്റബിൾ തിയേറ്ററാണങ്കിലും മറ്റു തിയേറ്ററുകളെപ്പോലെ അത്യാവശ്യം സൗകര്യങ്ങൾ ഇവിടെയും ഉണ്ട്.. പിൻ ഭാഗത്തുനിന്നും മുന്നിലേക്ക് ചെരിവുള്ള രീതിയിലാണ് സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. പൂർണമായും വാട്ടർപ്രൂഫാണ്. . മൈനസ് 28 ഡിഗ്രി സെൽഷ്യസിൽ വരെ സിനിമ പ്രദർശനത്തിന് ഇവിടെ സൗകര്യമുണ്ട്. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കാണ് ടിക്കറ്റുകൾക്ക് ഈടാക്കുന്നത്.
അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമായ ബെൽബോട്ടം, സെകൂൽ എന്ന ഹ്രസ്വചിത്രം എന്നിവയാണ് തിയേറ്ററിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടത്.