മുംബയ് : മുംബയ് തീരത്തെ ആഡംബര കപ്പലിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്ഡിൽ ബോളിവുഡ് സൂപ്പർ താരത്തിന്റെ മകനുൾപ്പെടെ പത്ത് പേർ പിടിയിൽ. ഇവരിൽ നിന്ന് കൊക്കെയ്ൻ, ഹാഷിഷ്, എം.ഡി.എം.എ എന്നിവയും പിടിച്ചെടുത്തു. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കോർഡേലിയ ക്രൂയിസ് ലൈനറിന്റെ എംപ്രസ് കപ്പലിലായിരുന്നു റെയ്ഡ് നടത്തിയത്.
കപ്പലിൽ നടന്ന ഒരു സംഗീത പരിപാടിക്കിടെ ശനിയാഴ്ചയായിരുന്നു റെയ്ഡ് നടന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ശനിയാഴ്ച യാത്രക്കാരുടെ വേഷത്തിൽ കപ്പലിൽ കയറി.
കപ്പൽ മുംബയ് തീരത്തുനിന്ന് കടലിന്റെ മദ്ധ്യത്തെത്തിയപ്പോൾ റേവ് പാർട്ടി ആരംഭിച്ചു. തുടർന്ന് നടത്തിയ റെയ്ഡിലാണ് പാർട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉൾപ്പെടെ അറസ്റ്റ് ചെയ്‌തത്. റെയ്‌ഡ് ഏഴുമണിക്കൂർ നീണ്ടുനിന്നു. കപ്പലിലെ പല മുറികളിലും റെയ്ഡ് തുടരുകയാണ്. റെയ്ഡ് അവസാനിച്ചുകഴിഞ്ഞാൽ, കപ്പൽ മുംബയ് അന്താരാഷ്ട്ര ക്രൂയിസ് ടെർമിനലിലേക്ക് തിരികയെത്തിക്കും.
പിടിയിലായവരെ ഞായറാഴ്ച മുംബയിൽ എത്തിക്കുമെന്ന് എൻ.സി.ബി വൃത്തങ്ങൾ പറഞ്ഞു.