mamatha

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ജനവിധി തേടുന്ന ഭവാനിപൂരിലെ വോട്ടെണ്ണൽ ആരംഭിച്ചു. ബിജെപിയുടെ യുവനേതാവ് പ്രിയങ്ക ട്രിബ്രവാളാണ് മുഖ്യ എതിരാളി. സിപിഎം സ്ഥാനാര്‍ത്ഥിയായി ശ്രീജിബ് ബിശ്വാസും മത്സര രംഗത്തുണ്ട്. ആദ്യ ഫലസൂചനകൾ മമതയ്ക്ക് അനുകൂലമാണെന്നാണ് റിപ്പോർട്ട്.

വോട്ടെണ്ണലിനു ശേഷം സംഘർഷമുണ്ടാകുന്നത് തടയാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി സ്ഥാനാർത്ഥി പ്രിയങ്ക കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സംരക്ഷണമാവശ്യപ്പെട്ട് കത്തുനൽകി. ഭവാനിപൂരിൽ മമതയുടെ വിജയം ഉറപ്പാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമില്‍ തോറ്റ മമതക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ ഭവാനിപൂരിലെ വിജയം അനിവാര്യമാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭവാനിപൂരിലെ തൃണമൂലിന്റെ സോബൻദേബ് ചതോപാധ്യായ ജയിച്ചത് 29,000 വോട്ടിനാണ്. മമതയ്ക്കായി സീറ്റ് രാജിവയ്ക്കുകയായിരുന്നു അദ്ദേഹം. കാളിഘട്ടിലെ സ്വന്തം വീട് ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ നിന്ന് 2011ലും 2016 ലും മമത ബാനർജി വിജയിച്ചിരുന്നു.