nagarjuna-samantha

താരദമ്പതികളായ നാഗചൈതന്യയും സാമന്തയും വേർപിരിയുകയാണെന്ന രീതിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്നലെ ഇരുവരും ആ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുകയും ചെയ്തും.

സംയുക്തമായി തയ്യാറാക്കിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടായിരുന്നു നാഗചൈതന്യയും സാമന്തയും വിവാഹമോചന വാർത്ത ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ വിവാഹ മോചന വാർത്തകളോട് പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുന. നിർഭാഗ്യകരമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'ഭാരിച്ച ഹൃദയ വേദനയോടെ ഞാൻ പറയട്ടെ! സാമിനും ചായ്ക്കുമിടയിൽ ഇത് സംഭവിച്ചത് വളരെ നിർഭാഗ്യകരമാണ്. ഭാര്യയ്ക്കും ഭർത്താവിനുമിടയിലുള്ള കാര്യങ്ങൾ വളരെ വ്യക്തിപരമാണ്. ഇരുവരും എനിക്ക് പ്രിയപ്പെട്ടവരാണ്. സാമിനൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങൾ എന്റെ കുടുംബം എല്ലായ്‌പ്പോഴും വിലമതിക്കും, അവൾ എല്ലായ്‌പ്പോഴും ഞങ്ങൾക്ക് പ്രിയപ്പെട്ടവളായിരിക്കും! ദൈവം അവരെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ'- നാഗാർജുന ട്വീറ്റ് ചെയ്തു.

🙏 pic.twitter.com/FGd33fFoIF

— Nagarjuna Akkineni (@iamnagarjuna) October 2, 2021

സാമന്ത തന്റെ പേരിനൊപ്പം ചേർത്തിരുന്ന നാഗചൈതന്യയുടെ കുടുംബ പേരായ അക്കിനേനി നീക്കിയിരുന്നു. ഇതാണ് ഇരുവരും അകലുന്നതായി അഭ്യൂഹങ്ങളുണ്ടാകാൻ കാരണമായത്. 2017ൽ ഗോവയിൽ വച്ചായിരുന്നു സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. 2010ൽ ഗൗതം മേനോന്റെ തെലുങ്ക് ചിത്രം 'യേ മായ ചേസാവെ'യിൽ അഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മിൽ പ്രണയത്തിലായത്.