മുംബയ്: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യുന്നു. ആര്യൻ ഖാന്റെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്ന് എൻ സി ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ പറഞ്ഞു.
പാർട്ടി സംഘടിപ്പിച്ച ആറ് പേരെക്കൂടി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. ആര്യൻ ഖാന്റെ ഫോൺ പിടിച്ചെടുത്തിട്ടുണ്ടെന്നും, സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
പാർട്ടിയിൽ പങ്കെടുക്കാൻ ഡൽഹിയിൽ നിന്ന് എത്തിയ പെൺകുട്ടികളെയും ചോദ്യം ചെയ്തുവരികയാണ്. ഇതിൽ ചില പ്രമുഖ ബിസിനസുകാരുടെ പെൺമക്കളും ഉൾപ്പെടുന്നുണ്ടെന്നാണ് സൂചന. കപ്പലിൽ ഇന്നലെയായിരുന്നു നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പരിശോധന നടത്തിയത്.
കോർഡേലിയ ക്രൂയിസ് ലൈനറിന്റെ എംപ്രസ് കപ്പലിലായിരുന്നു റെയ്ഡ് നടത്തിയത്. സംഗീത പരിപാടിയ്ക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉൾപ്പെടെ അറസ്റ്റ് ചെയ്‌തു.ഇവരിൽ നിന്ന് കൊക്കെയ്ൻ, ഹാഷിഷ്, എം.ഡി.എം.എ എന്നിവയും പിടിച്ചെടുത്തിരുന്നു.