തങ്ങൾ വേർപിരിയാൻ പോകുന്ന കാര്യം ഇന്നലെയാണ് നടൻ നാഗചൈതന്യയും നടി സാമന്തയും ആരാധകരെ അറിയിച്ചത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരങ്ങൾ ഇക്കാര്യം അറിയിച്ചത്. നല്ല സുഹൃത്തുക്കളായി തുടരുമെന്നും സംയുക്തമായി തയ്യാറാക്കിയ പ്രസ്താവനയിൽ ഇരുവരും വ്യക്തമാക്കിയിരുന്നു.
ജീവിത പങ്കാളികൾ എന്ന നിലയിൽ തങ്ങൾ വേർപിരിയുകയാണെന്നും, പത്ത് വർഷത്തിലധികമായുള്ള സൗഹൃദം ഇനിയും നിലനിൽക്കുമെന്നുമായിരുന്നു പ്രസ്താവനയിൽ പറഞ്ഞത്. ഇതിനുപിന്നാലെ വിഷയത്തിൽ പരോക്ഷ പ്രതികരണവുമായെത്തിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. സ്ത്രീകളെ ആവശ്യാനുസരണം ഉപയോഗിച്ച് വസ്ത്രം മാറുന്നത് പോലെ മാറ്റുകയും, പിന്നീട് അവരുടെ സുഹൃത്താണെന്ന് പറയുകയും ചെയ്യുന്നവരോട് കരുണ കാട്ടരുതെന്നാണ് നടി കങ്കണയുടെ പ്രതികരണം.
'വിവാഹ മോചനം നടക്കുമ്പോൾ എപ്പോഴും തെറ്റ് പുരുഷന്റെ ഭാഗത്താണ്. ഞാൻ പഴഞ്ചൻ ചിന്താഗതിക്കാരിയും മുൻവിധിയുള്ളവളുമാണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. പക്ഷെ ദൈവം ഇങ്ങനെയാണ് പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചിരിക്കുന്നത്.
അടിസ്ഥാനപരമായും ശാസ്ത്രീയപരമായും പുരുഷൻ ഒരു വേട്ടക്കാരനും, സ്ത്രീ ഒരു പരിപാലകയുമാണ്. നൂറിലൊരു സ്ത്രീ നേരത്തെ പറഞ്ഞ ആ പട്ടികയിൽപ്പെടില്ലായിരിക്കാം. സ്ത്രീകളെ ആവശ്യാനുസരണം ഉപയോഗിച്ച് വസ്ത്രം മാറുന്നത് പോലെ മാറ്റുകയും, പിന്നീട് അവരുടെ സുഹൃത്താണെന്ന് പറയുകയും ചെയ്യുന്നവരോട് കരുണ കാട്ടരുത്. ഇങ്ങനെയുള്ളയാളുകൾക്ക് മാദ്ധ്യമങ്ങൾ നൽകുന്ന പിന്തുണ കാണുമ്പോൾ ലജ്ജ തോന്നുന്നു. അവർ പുരുഷന്മാരെ പ്രകീർത്തിക്കുകയും സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നു. വിവാഹ മോചന സംസ്‌കാരം ഇതുവരെയില്ലാത്ത രീതിയിൽ ഉയരുകയാണ്.
പത്തുവർഷത്തോളമായി പ്രണയിച്ച, അവരുമായി നാലു വർഷത്തോളമായി ദാമ്പത്യ ജീവിതം നയിച്ച ഈ നടൻ അടുത്തിടെ ഒരു ബോളിവുഡ് സൂപ്പർ സ്റ്റാറുമായി സൗഹൃദത്തിലായിരുന്നു. ഇയാൾ അറിയപ്പെടുന്നത് ബോളിവുഡിലെ ഒരു 'ഡിവോഴ്‌സ് എക്‌സ്‌പേർട്ട്' ആയാണ്. ഒരുപാട് സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം നശിപ്പിച്ച ഇയാൾ ഇപ്പോൾ ആ നടന്റെ വഴികാട്ടിയും, ഉപദേശകയായ അമ്മായിയുമായി. അതിനാൽ പെട്ടന്ന് തന്നെ എല്ലാം നടന്നു. ഞാൻ സംസാരിക്കുന്നത് ആരെക്കുറിച്ചാണെന്ന് എല്ലാവർക്കുമറിയാം.'- എന്നാണ് കങ്കണ കുറിച്ചത്. കങ്കണയുടെ ഒളിയമ്പ് ബോളിവുഡ് താരം ആമിർഖാന് എതിരേയാണെന്നാണ് ആരാധകർ പറയുന്നത്.