ഗാന്ധി ജീവിച്ചിരുന്നേൽ ആർ എസ് എസുകാരനാകുമായിരുന്നെന്ന ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ പി കെ കൃഷ്ണദാസിന്റെ പ്രസ്താവന ചരിത്രത്തിലെ ഏറ്റവും വലിയ ഗാന്ധി നിന്ദകളിൽ ഒന്നാണെന്ന് ഷാഫി പറമ്പിൽ എം എൽ എ. കൃഷ്ണദാസിനെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഷാഫി ഷാഫി പറമ്പിലിന്റെ പ്രതികരണം.ഗാന്ധിയുടെ 'ഹേ റാം' ന്റെ അർത്ഥം 'നാഥുറാമിന്റെ' ഭക്തർക്ക് മനസിലാവില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഗാന്ധി ജീവിച്ചിരുന്നേല്‍ ആർ എസ് എസ് ആകുമായിരുന്നു എന്ന ബിജെപി നേതാവ് പികെ കൃഷ്ണദാസിന്റെ പ്രസ്താവന ചരിത്രത്തിലെ ഏറ്റവും വലിയ ഗാന്ധി നിന്ദകളില്‍ ഒന്നാണ്. ഗാന്ധി വധത്തിന് ശേഷവും അദ്ദേഹം പകർന്ന് നൽകിയ മൂല്യംങ്ങളും നാടിന്റെ ഐക്യവും പൂർണ്ണമായും തകർക്കാൻ കഴിയാത്തതിന്റെ അസ്വസ്ഥതയാണ് ഇത്തരം പ്രസ്താവനകൾ. അത് ഗാന്ധിയെ പിന്നെയും വധിക്കുന്നതിന് തുല്യമാണ്.
ഗാന്ധിയുടെ 'ഹേ റാം’ ന്റെ അർത്ഥം 'നാഥുറാമിന്റെ’ ഭക്തര്‍ക്ക് മനസ്സിലാവില്ല.
ബിജെപി നേതാവിനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെടുന്നു.
മഹാത്മാ ഗാന്ധി ജീവിച്ചിരുന്നെങ്കിൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ ചേർന്ന് പ്രവർത്തിക്കുമായിരുന്നെന്നായിരുന്നു കൃഷ്ണദാസിന്റെ പ്രസ്താവന. മഹാത്മാ ഗാന്ധിയുടെ 152ാം ജന്മവാർഷികം ആഘോഷിക്കവേ, ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കൃഷ്ണദാസ് രംഗത്തെത്തിയത്. ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്റുവെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞിരുന്നു.