തിരുവനന്തപുരം: വൈദ്യുതി നിയമം 2021 പാസാക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കഴിഞ്ഞ ഓഗസ്റ്റിൽ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. ബിൽ പാസാകുന്നതോടെ സ്വകാര്യ കമ്പനികളെ വൈദ്യുതി വിതരണ മേഖലയിലേക്ക് കടക്കാൻ സഹായിക്കുമെന്നാണ് കേരളത്തിന്റെ വാദം.
ഭേദഗതി ബില്ലിനെക്കുറിച്ച് സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു എന്നും സമവായത്തിലെത്താൻ സാധിച്ചില്ലെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി ആരോപിച്ചിരുന്നു. വൈദ്യുതി നിയമ നിർമ്മാണത്തിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യാവകാശമുള്ളതിനാൽ സംസ്ഥാനങ്ങളുമായി ചർച്ചചെയ്ത് സമവായത്തിലെത്താൻ കേന്ദ്രം പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
'ബില്ലിലെ ഒന്നുരണ്ട് ഭേഗതി നിർദേശങ്ങൾ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് കുറച്ച് വെല്ലുവിളികൾ ഉയർത്തുമെന്നതിൽ സംശയമില്ല. പ്രത്യേകിച്ച് ഒരു ഡിസ്ട്രിബ്യൂഷൻ ലൈസൻസിയുടെ പരിധിയിൽ തന്നെ മറ്റ് ഡിസ്ട്രിബ്യൂഷൻ ലൈസൻസിൾക്ക് രജിസ്ട്രേഷൻ മാത്രം മതി എന്ന ക്‌ളോസ് വരുബോൾ ഒരു സപ്‌ളൈ ഏരിയയിൽ പുതിയൊരു ലൈസൻസിക്ക് റെഗുലേറ്ററിന്റെ അനുമതി മാത്രം മതിയാകും പ്രവർത്തിക്കാൻ. അങ്ങനെ വരുമ്പോൾ ഉപഭോക്താവിന് ഒന്നിലധികം ലൈസൻസികളിൽ നിന്നും സേവനം സ്വീകരിക്കാനാകും. ഇത് ഒരു പ്രൈസ് വാറിന് വഴിതെളിക്കും. സർക്കാരിന് സ്വകാര്യ കമ്പനികളുമായി നിരക്കിന്റെ കാര്യത്തിൽ മത്സരിക്കേണ്ടി വരും. ഗാർഹിക ഉപഭോക്താക്കൾക്കുള്ള വിതരണ രംഗത്തും സർക്കാരിന് വെല്ലുവിളികൾ നേരിടേണ്ടി വരും'- സംസ്ഥാന വൈദ്യുതി ബോർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബി അശോക് ഐ എ എസ് പറഞ്ഞു. കൗമുദി ടിവിയുടെ സ്‌ട്രൈറ്റ് ലൈനിൽ സംസാരിക്കുകായിരുന്നു അദ്ദേഹം.