മുംബയ്: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രേഖപ്പെടുത്തി.ഒപ്പമുണ്ടായിരുന്ന മറ്റ് ഏഴ് പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ വൻ വ്യവസായികളുടെ മക്കളായ പെൺകുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അറസ്റ്റിലായവരെ വൈദ്യ പരിശോധനക്കായി കൊണ്ടുപോയിരിക്കുകയാണ്. ഇവര്‍ക്ക് ലഹരി എത്തിച്ചു നല്‍കിയ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി എന്‍ സി ബി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. അറസ്റ്റിലായവരിൽ നിന്നു തന്നെയാണ് വിവരങ്ങള്‍ ലഭിച്ചതെന്നും ഇതിലും ഉന്നതർ ഉണ്ടെന്നുമാണ് ലഭിക്കുന്ന സൂചന. കപ്പലിലുണ്ടായിരുന്നു നൂറിലേറെ പേരുടെ മൊഴിയും രേഖപ്പെടുത്തുന്നുണ്ട്.
കോർഡേലിയ ക്രൂയിസ് ലൈനറിന്റെ ഇംപ്രസ എന്ന കപ്പലിലായിരുന്നു റെയ്ഡ് നടത്തിയത്. അറസ്റ്റിലായവരിൽ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. രണ്ടാഴ്ച മുമ്പാണ് പാർട്ടി നടന്ന ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്.
സംഗീത പരിപാടിയെന്ന് പറഞ്ഞാണ് പാര്‍ട്ടി നടത്തിയവര്‍ ടിക്കറ്റ് വിറ്റത്. നൂറോളം ടിക്കറ്റുകള്‍ വിറ്റുപോയി. ഒക്ടോബര്‍ രണ്ട് മുതല്‍ നാല് വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ കപ്പല്‍ മുംബയ് തീരം വിട്ട് നടുക്കടലില്‍ എത്തിയപ്പോള്‍ മയക്കുമരുന്ന് പാര്‍ട്ടി ആരംഭിച്ചു. പാര്‍ട്ടി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. യാത്രക്കാരുടെ വേഷത്തിലാണ് ഉദ്യോഗസ്ഥര്‍ കപ്പലില്‍ കയറിയത്.
ഫാഷൻ ടിവി ഇന്ത്യയും ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയുമാണ് പരിപാടിയുടെ സംഘാടകരെന്നാണ് വിവരം. ഇവരോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.