ലക്നൗ: ബോളിവുഡ് നടി കങ്കണ റണാവത്തിനെ ഒരു ജില്ല ഒരു ഉൽപന്നം എന്ന പരിപാടിയുടെ ബ്രാൻഡ് അംബാസഡറായി നിയമിച്ച് യു.പി സർക്കാർ. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കങ്കണ റണാവത്ത് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണിത്.
75 ജില്ലകളിൽ പരമ്പരാഗത ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുതിയ പദ്ധതി അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ രാം മന്ദിരത്തിന്റെ ഭൂമി പൂജയ്ക്ക് ഉപയോഗിച്ച വെള്ളി നാണയം മുഖ്യമന്തി കങ്കണയ്ക്ക് സമ്മാനിച്ചു. കങ്കണയെ അയോദ്ധ്യയിലേക്ക് ക്ഷണിക്കുകയും ശ്രീരാമന്റെ അനുഗ്രഹം തേടാൻ നിർദ്ദേശിക്കുകയും ചെയ്തു.
കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങളും വീഡിയോയും കങ്കണ സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജിയുമായി കൂടിക്കാഴ്ച്ച നടത്തിയതിൽ അതിയായ സന്തോഷം തോന്നുന്നു. പ്രചോദനം നൽകുന്നയാളാണ് അദ്ദേഹം. രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ടതും ജനപ്രിയനുമായ നേതാക്കളിൽ ഒരാളുമായി സംവദിക്കാനായത് അംഗീകാരമായി കാണുന്നു. രാമനെപ്പോലെ തപസ്വിയായ രാജാവാണ് യു.പി ഇപ്പോൾ ഭരിക്കുന്നതെന്നും അത് തുടരട്ടേയെന്നും കങ്കണ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.