തിരുവനന്തപുരം: പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം ആരോപണങ്ങളിലും ആക്ഷേപങ്ങളിലും കുടുങ്ങുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസുകാർ യൂണിഫോം ധരിച്ച് പങ്കെടുക്കുന്ന പരിപാടിയിൽ കൂടുതൽ ജാഗ്രത വേണമെന്ന് സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നടന്ന യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശം നൽകി.
പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന സേന എന്ന നിലയിൽ അതീവ ജാഗ്രത പാലിക്കണം. മുകളിൽ എല്ലാം അറിയുന്നുണ്ടെന്ന ധാരണവേണം. പൊലീസുകാർക്ക് മാനസിക സമ്മർദ്ദം ഉണ്ടാകാതിരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. ലോക്ഡൗൺ പരിശോധനകളിലുയർന്ന ആക്ഷേപങ്ങളും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പരാതികളിൽ രസീത് നൽകണം. ആറ്റിങ്ങലിൽ മത്സ്യവിൽപന നടത്തിയ സ്‌ത്രീയ്‌ക്കുണ്ടായ അനുഭവവും കൊല്ലത്ത് പൊലീസുകാരൻ യുവതിയുമായി വാക്കേറ്റം നടത്തിയതുമായ ദൃശ്യങ്ങൾ പ്രചരിച്ചതും ചൂണ്ടിക്കാട്ടി പൊതുജനങ്ങളോടുളള പെരുമാറ്റം പൊലീസ് ഉദ്യോഗസ്ഥർ മെച്ചപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
സ്‌ത്രീധന പീഡന കേസുകളിൽ ഇരയെ പൂർണമായും പിന്തുണയ്‌ക്കുന്ന നിലപാടാകണം പൊലീസിന്റേത്. ഒരുവിധ കാലതാമസവും അന്വേഷണത്തിൽ പാടില്ല. കേസുകൾ ഡിഐജിമാർ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്‌എച്ച്ഒ മുതൽ ഡിജിപിവരെയുളളവർ യോഗത്തിൽ ഓൺലൈനായി പങ്കെടുത്തു.
മോൻസൺ കേസിൽ ഉന്നത ഉദ്യോഗസ്ഥരടക്കം സംശയമുനയിൽ വന്നതും ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും മോൻസണ് പൊലീസ് കാവൽ നൽകിയതും ചർച്ചാവിഷയമായ സമയത്താണ് പൊലീസ് ജാഗ്രത പാലിക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.