farmers-protest

ലക്നൗ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷക പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ വാഹന വ്യൂഹം ഇടിച്ചുകയറി രണ്ട് കർഷകർ മരിച്ചു. എട്ട് കർഷകർക്ക് ഗുരുതരമായി പരിക്കേറ്റു. അജയ് കുമാർ മിശ്രയും യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച കർഷകർക്കിടയിലേക്കാണ് കാർ ഇടിച്ചുകയറിയത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ഒരാൾ സംഭവസ്ഥലത്ത് വച്ചും മറ്റൊരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചതെന്നാണ് വിവരം.

മന്ത്രിമാർ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ പങ്കെടുക്കുന്ന പരിപാടിക്കെതിരെ ഇന്നലെ രാവിലെ മുതൽ കർഷകർ പ്രതിഷേധമാരംഭിച്ചിരുന്നു.അതേസമയം, അപകടുണ്ടാക്കിയ വാഹനമോടിച്ചത് കേന്ദ്രമന്ത്രിയുടെ മകനായ ആശിഷ് മിശ്രയാണെന്ന് റിപ്പോർട്ടുകളുണ്ട്. മന്ത്രിയുടെ കോപ്ടർ വന്നിറങ്ങിയ ഹെലിപാഡിലേക്ക് കർഷകർ കൂട്ടത്തോടെ പ്രതിഷേധ മാർച്ചുമായി എത്തുകയായിരുന്നു. ഇതിനിടയിലേക്ക് വാഹനം ഇടിച്ചു കയറ്റുകയായിരുന്നു എന്നാണ് കർഷകരുടെ ആരോപണം. ഇക്കാര്യത്തിൽ പൊലീസ് പ്രതികരിച്ചിട്ടില്ല.

സംഭവം നടന്നതിന് പിന്നാലെ സ്ഥലത്ത് വലിയ സംഘർഷമുണ്ടായി. അപകടമുണ്ടാക്കിയ വാഹനമടക്കം കർഷകർ അഗ്നിക്കിരയാക്കി. പ്രദേശത്ത് വലിയ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രിയുടെ പരിപാടിക്കെതിരെ റോഡിന്റെ ഇരുവശങ്ങളിൽ നിന്ന് പ്രതിഷേധിച്ച കർഷകർക്കിടയിലേക്കാണ് വാഹനം ഇടിച്ചുകയറിയതെന്ന് സംയുക്ത കിസാൻ മോർച്ച ആരോപിച്ചു. അതേസമയം കർഷകരുടെ മരണം സ്ഥിരീകരിക്കാൻ സംസ്ഥാന സർക്കാരോ ജില്ലാ ഭരണകൂടമോ ഇതുവരെ തയ്യാറായിട്ടില്ല.