kk

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേർത്ത സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനായി പൊലീസ് ആസ്ഥാനത്തെത്തിയ ഐ. ജി ലക്ഷ്മണയെ തിരിച്ചയച്ചു.

പൊലീസ് ആസ്ഥാനത്തെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിനായി ഐ.ജി സ്ഥലത്തെത്തിയെങ്കിലും ഓണ്‍ലൈനായി പങ്കെടുത്താല്‍ മതിയെന്ന് നിര്‍ദേശിക്കുകയായിരുന്നു എന്നാല്‍ ഡി.ജി.പിക്ക് ഒപ്പം എ.ഡി.ജി.പിമാര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന ഡി.ജി.പിയുടെ നിര്‍ദേശ പ്രകാരം ഐ.ജിയെ തിരിച്ചയച്ചു. എന്നാല്‍ ഇന്റലിജന്‍സ് എ.ഡി.ജി.പി വിനോദ് കുമാര്‍ യോഗത്തിലെത്താത്തതിനെ തുടര്‍ന്ന് ഒഴിഞ്ഞുകിടന്ന സീറ്റില്‍ ഐ.ജി ലക്ഷ്‌മണയ്ക്ക് പകരം പൊലീസ് ആസ്ഥാനത്തെ ഡി.ഐ.ജിയായ ശ്യാം സുന്ദറിന് സീറ്റു നല്‍കുകയും ചെയ്തു .

മോൻസനുമായുള്ള അടുപ്പത്തിന്റെ പേരിൽ ആരോപണ വിധേയനാണ് ഐജി ലക്ഷ്മണ.മോൺസൺ മാവുങ്കൽ കേസിലടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആരോപണം നേരിടുന്നതിനിടെയാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ലോക്നാഥ് ബെഹ്റയും മനോജ് എബ്രഹാമും മോൺസന്‍റെ വീട് സന്ദർശിച്ചതും വന്‍ വിവാദമായിരുന്നു. പുരാവസ്തുക്കളുടെ മറവില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിനോട് അടുപ്പമുണ്ടെന്ന ആക്ഷേപത്തില്‍ നേരത്തെ ഐ. ജി ലക്ഷ്മണയ്ക്ക് എ.ഡി.ജി.പി മനോജ് എബ്രഹാം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.