സൺറൈസേഴ്സ് ഹൈദരാബാദിനെ ആറു വിക്കറ്റിന് തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്
ദുബായ് : ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരരാബാദിനെ ആറുവിക്കറ്റിന് കീഴടക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ളേ ഓഫിലേക്ക് കൂടുതൽ അടുത്തു. ഇന്നലെ ചേസിംഗിൽ 116 റൺസ് മാത്രം വേണ്ടിയിരുന്ന കൊൽക്കത്ത രണ്ടു പന്തുമാത്രം ബാക്കിനിറുത്തിയാണ് ജയംകണ്ടത്.
ഈ വിജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്റായ കൊൽക്കത്ത പോയിന്റ് പട്ടികയിൽ നാലാമതേക്കുയർന്നു. ഇന്നലെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിലാണ് 115 റൺസ് നേടിയത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ടിം സൗത്തീ ,ശിവം മാവി,വരുൺ ചക്രവർത്തി എന്നിവർ ചേർന്നാണ് സൺറൈസേഴ്സിന്റെ ചിറകരിഞ്ഞത്. വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും സുനിൽ നരെയ്ൻ നാലോവറിൽ 12 റൺസ് മാത്രമാണ് വഴങ്ങിയത്.
മറുപടിക്കിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി ശുഭ്മാൻ ഗിൽ (57) അർദ്ധസെഞ്ച്വറി നേടി. നിതീഷ് റാണ 25 റൺസ് നേടി.വെങ്കിടേഷ് അയ്യർ(8),രാഹുൽ ത്രിപാതി(7) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ ദിനേഷ് കാർത്തിക്കും (18*) ക്യാപ്ടൻ മോർഗനും(2*) ചേർന്ന് വിജയത്തിലെത്തിച്ചു.