mammoth

വ്യവസായിയായ ജോൺ ഹാമണ്ട് പുരാതനകാലത്തെ കൊതുകിൽ നിന്നും ലഭിച്ച ദിനോസറുകളുടെ ഡിഎൻഎയിൽ തവളയുടെ ഡിഎൻഎ ചേർത്ത് ക്ളോൺ ചെയ്‌ത ദിനോസറുകളെ പുന:സൃഷ്‌ടിക്കുന്നതാണ് സ്‌റ്റീഫൻ സ്‌പിൽബർഗ് സംവിധാനം ചെയ്‌ത വിശ്വവിഖ്യാതമായ ജുറാസിക് പാർക്ക് സിനിമയിലെ ഇതിവൃത്തം. പിന്നീട് ആ ചിത്രത്തിന്റെ തുടർച്ചയായി വന്ന സീരിസുകളിൽ അത്തരം ജീവികൾ മൂലമുണ്ടാകുന്ന ആപത്തും നാം കണ്ടു.

ദിനോസറുകൾ ഇനി തിരികെ വന്നില്ലെങ്കിലും വംശനാശം സംഭവിച്ച മറ്റൊരു ജീവിയായ മാമത്തുകളെ തിരികെ കൊണ്ടുവരാനുള‌ള ശ്രമം ഗവേഷകർക്കിടയിൽ സജീവമാണ്. ആനകളുടെ പൂർവികനായ ശരീരമാകെ രോമങ്ങൾ നിറഞ്ഞ മാമത്തുകൾ 10,000 വ‌‌ർഷം മുൻപാണ് വംശമറ്റുപോയത്. എന്നാൽ ഇവയുടെ കേടുപാട് അധികമില്ലാത്ത ശരീരങ്ങൾ ഇപ്പോഴും ഭൂമിയുടെ പലഭാഗത്ത് നിന്നും ലഭിച്ചിട്ടുണ്ട്. ഇവ ഉപയോഗിച്ച് പുതിയ മാമത്തുകളെ സൃഷ്‌ടിക്കാനാണ് ശ്രമം.

ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ ഡോ.ചർച്ചിന്റെ നേതൃത്വത്തിൽ തണുപ്പിനെ പ്രതിരോധിക്കാൻ കഴിയുന്ന ഒരു 'ആർട്ടിക് ആന'യെ സൃഷ്‌ടിക്കാനാണ് ശ്രമം. ഇതിനായി രൂപീകരിച്ച കൊളോസൽ കമ്പനി ഇതുവരെ 15 മില്യൺ ഡോളറാണ് ഈ ഗവേഷണത്തിന് സംഭരിച്ചത്. ഒരു ഏഷ്യൻ ആനയുടെ തണുപ്പിനെ പ്രതിരോധിക്കുന്ന അൻപതോളം കഴിവുകൾ ടീം വേർതിരിച്ചെടുത്തു. കട്ടിയേറിയ തൊലി, ചെറിയ ചെവികൾ, തണുപ്പ് പ്രതിരോധിക്കുന്ന ഹീമോഗ്ളോബിൻ എന്നിങ്ങനെ വിവിധ പ്രത്യേകതകൾ പുതിയ ആനക്കുണ്ടാകും.

ഇപ്പറഞ്ഞ സവിശേഷതകൾ ഏഷ്യൻ ആനയുടെ ജീനുമായി കലർത്തി പുതിയ മാമത്തിനെ സൃഷ്‌ടിക്കുന്നതാണ് ലക്ഷ്യം. ഒരു ആഫ്രിക്കൻ ആനയിലായിരിക്കും ഈ സവിശേഷതയുള‌ള ജീൻ അടങ്ങിയ ബീജം കടത്തിവിടുക. 18 മുതൽ 22 മാസത്തിന് ശേഷമാകും ആനക്കുട്ടി ജനിക്കുക. ആർട്ടിക് പ്രദേശത്ത് സ്വാഭാവിക പുൽമേടുകളുള‌ള വനം സ്ഥാപിച്ച് ഭൂമിയിലെ കാർബൺ ബഹിർഗമനം കുറയ്‌ക്കാനാണ് മാമത്തുകളെ പുന:സൃഷ്‌ടിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് കൊളോസൽ കമ്പനി അധികൃതർ പറയുന്നു.

ഒരു ദശാബ്‌ദത്തിനകം തന്നെ മാമത്തുകളെ പുനർജനിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് കൊളോസൽ ബയോസയൻസസ് കമ്പനി സിഇഒ ബെൻ ലെം പറഞ്ഞു. പദ്ധതി നടക്കുമോ എന്നതിൽ പൂർണമായും ശുഭാപ്‌തിവിശ്വാസമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.