തിരുവനന്തപുരം: സ്ഥിരമായി മദ്യപിച്ചെത്തി പ്രശ്‌നങ്ങളുണ്ടാക്കുന്നതിനാൽ വിവാഹമോചനം തേടിയതിന്റെ പ്രതികാരത്തിൽ യുവതിയെ ഭർത്താവ് ക്രൂരമായി ഉപദ്രവിച്ചു. പുല്ലുവിള സ്വദേശിനി ജെസിയെ ഭർത്താവ് വർഗീസാണ് ക്രൂരമായി മർദ്ദിച്ചത്. ആക്രമണത്തിന് ഇരയായ ജെസിയെ അയൽവാസിയായ യുവാവ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഇവർ.
വെളളിയാഴ്‌ച രാത്രി മകനെ ട്യൂഷന് വിട്ട ശേഷം വീട്ടിലെ അടുക്കളയിൽ നിന്നിരുന്ന ജെസിയെ പിന്നിലൂടെ വന്ന വർഗീസ് പിടികൂടി മർദ്ദിച്ചു. തുടർന്ന് രക്തം വാർന്ന് ബോധം നഷ്‌ടപ്പെട്ട് ജെസി വീണു. ആദ്യം പിന്മാറിയ വർഗീസ് വീണ്ടും വന്ന് ജെസിയെ മർദ്ദിക്കാൻ തുടങ്ങി. ഈ ബഹളം കേട്ട് ഓടിയെത്തിയ അയൽവാസിയാണ് ജെസിയെ രക്ഷിച്ചത്.
13 വർഷം മുൻപാണ് ജെസിയും വർഗീസും വിവാഹിതരായത്. സ്ഥിരം മദ്യപാനിയായ വർഗീസ് ജെസിയെ മർദ്ദിക്കുന്നത് പതിവായിരുന്നു. തുടർന്ന് ആറ് മാസം മുൻപ് വിവാഹമോചനത്തിന് ജെസി അപേക്ഷ നൽകി. ഇതിന്റെ പ്രതികാരമായിരുന്നു മർദ്ദനം. മുൻപും ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും അതെല്ലാം ഒത്തുതീർക്കുകായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിലുളള ജെസിക്ക് ഇപ്പോൾ ബോധം തെളിഞ്ഞിട്ടുണ്ട്. ഇവരുടെ ബന്ധുക്കളുടെ പരാതിയിൽ വർഗീസിനെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.