kk

മസ്‌കറ്റ്: ഷഹീന്‍ ചുഴലിക്കാറ്റ് ഒമാനിൽ പ്രവേശിച്ചതിനെത്തുടർന്ന് വ്യാപകനാശം. അല്‍ അമേരത്ത് വിലായത്തില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കുട്ടി ഒഴുകിപ്പോയി. മറ്റൊരാളെ കാണാതായി. വ്യവസായ സോണില്‍ ഒരു മലയിടിഞ്ഞ് വീടിന് മുകളില്‍ വീണ് രണ്ട് ഏഷ്യന്‍ സ്വദേശികള്‍ മരിച്ചു.

മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശി. കടലില്‍ 10 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളുണ്ടായി. സുവൈഖിലായിരുന്നു ചുഴലിക്കാറ്റ് തീരം തൊട്ടത്. ഇഴിടെ ശക്തമായ കാറ്റും ഇടിമിന്നലും മണല്‍ക്കാറ്റും ഉണ്ടായി.. തലസ്ഥാന നഗരിയായ മസ്‌കറ്റ് ഉള്‍പ്പെടയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. സുരക്ഷാ കണക്കിലെടുത്ത് മുന്‍കരുതല്‍ എന്ന നിലയില്‍ സുവൈക്കിന്റെ ചില ഭാഗങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ട നിലയിലാണ്. അതേസമയം രാത്രി 9.20ഓടെ മസ്കറ്റിൽ മഴ കുറഞ്ഞതിനാൽ വാദി ആദി അൽ അമേറത്ത് റോഡിലെ ഗതാഗതം പുനരാംഭിച്ചു

വടക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച്‌ കാറ്റഗറി ഒന്ന് വിഭാഗത്തിലുള്‍പ്പെട്ട ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്ക് അടുക്കുകയായിരുന്നു. നേരത്തെ ഷഹീന്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ ഒമാന്‍ ദേശീയ ദുരന്ത നിവാരണ സമിതി എല്ലാവധി തയ്യാറെടുപ്പുകളും നടത്തിയിരുന്നു. ചുഴലിയുടെ ശക്തി കൂടിയതോടെ തീരപ്രദേശങ്ങളിലുള്ളവരെ സര്‍ക്കാര്‍ ഒഴിപ്പിച്ച്‌ അടിയന്തര അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. ബര്‍ക, സഹാം, മസ്‌കറ്റ് എന്നിവിടങ്ങളില്‍ നിന്നായി 2700 പേരെ ഒഴിപ്പിച്ചു. ഒമാനിലേക്കുള്ള വിമാനസര്‍വ്വീസ് താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. ഒമാനില്‍ ഞായറും തിങ്കളും പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.