റിയാദ്: കൊവിഡ് വ്യാപനത്തെ തുടർന്ന് തങ്ങളുടെ പൗരന്മാർക്ക് ഏർപ്പെടുത്തിയ യാത്രാവിലക്കിൽ ഭാഗിക ഇളവുമായി സൗദി അറേബ്യ. ഇന്ത്യയിലേക്കുളള സൗദി പൗരന്മാരുടെ യാത്രാവിലക്കിനാണ് ഇളവ് നൽകിയത്. ചികിത്സയ്‌ക്കായോ ബന്ധുക്കളുടെ മരണത്തെ തുടർന്നോ അത്തരം അടിയന്തര സാഹചര്യത്തിൽ മുൻകൂർ അനുമതിയോടെ യാത്രചെയ്യാം.
ഘട്ടംഘട്ടമായി കൊവിഡ് നിയന്ത്രണം നീക്കുന്നതിനെ തുടർന്നാണ് നടപടി. സൗദി ആഭ്യന്തരമന്ത്രാലയമാണ് നിയന്ത്രണങ്ങളിൽ ഇളവേർപ്പെടുത്തിയത്. ഓൺലൈൻ പ്ളാറ്റ്ഫോം അബ്‌ഷീർ വഴി അപേക്ഷ സമർപ്പിക്കാം. രാജ്യത്തും അയൽരാജ്യങ്ങളിലും കൊവിഡ് എണ്ണം കുറഞ്ഞതും ഫലപ്രദമായ വാക്‌സിനേഷനുമാണ് ഇപ്പോൾ ഇളവനുവദിക്കാൻ കാരണം.
അതേസമയം ഖത്തർ കൊവിഡ് വ്യാപന തോതും അപകടസാദ്ധ്യതയും കണക്കാക്കി രാജ്യങ്ങളെ വേർതിരിച്ചിരിക്കുന്ന ലിസ്‌റ്റിൽ ഇന്ത്യയ്‌ക്ക് മാറ്റമില്ല. ഇപ്പോഴും റെഡ്ലിസ്‌റ്റിൽ തന്നെയാണ് ഇന്ത്യ, ഒപ്പം അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ളാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവയും ഫിലിപ്പൈൻസ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ കെനിയയും സുഡാനും ഉണ്ട് ലിസ്‌റ്റിൽ. അപകട സാദ്ധ്യത കൂടിയ എക്‌സപ്ഷണൽ റെഡ് ലിസ്‌റ്റിലാണ് ഈ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയുടെയും സ്ഥാനം.
അപകട സാദ്ധ്യത തീരെയില്ലാത്ത ഗ്രീൻ ലിസ്‌റ്റിൽ 188 രാജ്യങ്ങളുണ്ട്. ചൈന,ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളും ഈ വിഭാഗത്തിലാണ്. ഗ്രീൻ ലിസ്‌റ്റിലെ രാജ്യങ്ങളിൽ നിന്ന് വരുന്ന വാക്‌സിനേഷൻ സ്വീകരിച്ചവർക്ക് ക്വാറന്റൈൻ വേണ്ട. വാക്‌സിൻ സ്വീകരിക്കാത്തവർ ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയണം. അപകട സാദ്ധ്യത കുറഞ്ഞ രാജ്യങ്ങൾക്കുളള യെല്ലോ ലിസ്‌റ്റ് ഖത്തർ ഒഴിവാക്കി.