നമ്മുടെ ചുറ്റുവട്ടങ്ങളിൽ നിന്നും എളുപ്പത്തിൽ ലഭിക്കുന്ന, ഒട്ടനവധി ആരോഗ്യഗുണങ്ങളുള്ള ചെമ്പരത്തി ഉപയോഗിച്ച് ചായയുണ്ടാക്കി കുടിക്കുന്നത് വളരെയധികം നല്ലതാണ്. ഇതിലെ സത്തകളിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവും ഉയർന്ന രക്തസമ്മർദവും കുറയ്‌ക്കുന്ന ഈ ചായ ശരീരത്തിലെ മോശം കോളസ്ട്രോൾ ഇല്ലാതാക്കി നല്ല കോളസ്ട്രോൾ വർദ്ധിപ്പിക്കുകയും ഹൃദ്രോഗ സാദ്ധ്യത കുറയ്‌ക്കുകയും ചെയ്യുന്നു. കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും ശരീരഭാരം കുറയ്‌ക്കാനും ശരീരത്തിലെ ബാക്‌ടീരിയകളോട് പൊരുതാനും മികച്ച പ്രതിവിധിയാണ്. ചെമ്പരത്തി പൂക്കൾ വളരുന്ന സ്ഥലവും കാലാവസ്ഥയും അനുസരിച്ച് ഓരോന്നിനെയും രൂപത്തിൽ വ്യത്യാസമുണ്ടാകും. ചായ തയ്യാറാക്കാനായി സബ്‌ദാരിഫ അഥവാ റോസെല്ലെ എന്ന ഇനത്തിൽപ്പെട്ട ചെമ്പരത്തി ചെടിയിലെ പൂക്കളാണ് സാധാരണയായി ഉപയോഗിച്ചുവരുന്നത്. ചെമ്പരത്തി പൂക്കൾ ഉണക്കിയെടുത്തത് വെള്ളത്തിലിട്ട്, ഇഞ്ചി, ഏലയ്‌ക്ക, തേൻ/പഞ്ചസാര ചേർത്ത് തിളപ്പിച്ചാണ് ഈ ഹെർബൽ ചായ തയ്യാറാക്കുന്നത്.