മുംബയ്: ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കും. ആര്യനും സുഹൃത്തുക്കളും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ സി ബി) കസ്റ്റഡിയിൽ തുടരുന്നു.
ബോളിവുഡിലെ ഉന്നതരിലേക്കും അന്വേഷണം നീളാൻ സാദ്ധ്യതയുണ്ട്. അതേസമയം ലഹരി പാർട്ടിയിൽ രാഷ്ട്രീയ ബന്ധമുണ്ടെന്ന ആരോപണം തെറ്റാണെന്നും, മാദ്ധ്യമങ്ങൾക്ക് മുന്നിൽ എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്നും എൻ സി ബി ഡയറക്ടർ പറഞ്ഞു.
ഇന്നലെ പുലർച്ചയോടെ മുംബയിലെ എൻ സി ബി ആസ്ഥാനത്ത് എത്തിച്ച് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷം വൈകിട്ടാണ് ആര്യൻ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കപ്പലിൽ സംഗീത പാർട്ടി നടന്നുകൊണ്ടിരിക്കെ ശനിയാഴ്ചയായിരുന്നു നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പരിശോധന നടത്തിയത്.
കോർഡേലിയ ക്രൂയിസ് ലൈനറിന്റെ എംപ്രസ് കപ്പലിലായിരുന്നു റെയ്ഡ് നടത്തിയത്. സംഗീത പരിപാടിയ്ക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉൾപ്പടെ അറസ്റ്റ് ചെയ്‌തു.ഇവരിൽ നിന്ന് കൊക്കെയ്ൻ, ഹാഷിഷ്, എം ഡി എം എ എന്നിവയും പിടിച്ചെടുത്തിരുന്നു.