ലക്‌നൗ: ലഖിംപൂരിലെത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ശ്രിനിവാസ് ബി വി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.പ്രിയങ്ക ഗാന്ധിയെ സീതാപൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നാണ് റിപ്പോർട്ടുകൾ.യുപിയിൽ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ എത്തിയതായിരുന്നു പ്രിയങ്ക.
जब सत्ता ही असुर बन जाये,
— Srinivas BV (@srinivasiyc) October 4, 2021
तो 'दुर्गा' को जन्म लेना पड़ता है
Proud of my leader @priyankagandhi pic.twitter.com/MFoaSC0jEB
ഇന്ന് പുലർച്ചെയാണ് പ്രിയങ്ക ഗാന്ധി ലഖിംപൂരിലെത്തിയത്. 'ഇത് കർഷകരുടെ രാജ്യമാണെന്നും, കർഷകരെ കാണുന്നതിന് എന്തിനാണ് തടയുന്നതെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. കർഷകരുടെ ശബ്ദം കൂടുതൽ ശക്തമാവുമെന്നും അവർ പ്രതികരിച്ചു.
ലഖിംപൂർ ഖേരിയിൽ നാല് കർഷകർ ഉൾപ്പടെ എട്ട് പേരാണ് മരിച്ചതെന്ന് ജില്ലാ മജിസ്ട്രേറ്റ് സ്ഥിരീകരിച്ചു. സമരക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറിയാണ് നാല് പേർ കൊല്ലപ്പെട്ടത്. ഈ വാഹനമോടിച്ചത് കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രയാണെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ അജയ് കുമാർ മിശ്ര ഇത് നിഷേധിച്ചു. തന്റെ മകൻ സംഭവസ്ഥലത്ത് ഇല്ലായിരുന്നെന്നും, മറ്റ് ചിലരാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് കർഷകർ ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടത്തും.അജയ് മിശ്ര രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. രാവിലെ 11 മുതൽ 1 മണി വരെ രാജ്യത്തെ എല്ലാ കളക്ടറേറ്റുകളും കർഷകർ ഉപരോധിക്കും. സംയുക്ത കിസാൻ മോർച്ചയാണ് സമരത്തിന് ആഹ്വാനം നൽകിയത്.