lakhimpur

ന്യൂഡൽഹി: ഉത്തർപ്രദേശിൽ കർഷകരെ കാറിടിച്ച് കൊന്ന സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രയ്‌ക്കെതിരെ കേസ്. ആശിഷ് അടക്കം 14 പേർക്കെതിരെയാണ് കേസ്. കൊലപാതകം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ആശിഷിന്റെ വാഹനം കയറിയാണ് കർഷകർ മരിച്ചതെന്ന് ആരോപണമുയർന്നിരുന്നു.

കൊല്ലപ്പെട്ടവരുടെ മൃതദേഹവുമായി കർഷകർ റോഡ് ഉപരോധിക്കുകയാണ്. രാവിലെ പതിനൊന്ന് മണിക്ക് ഡൽഹിയിലെ യുപി ഭവനിലേക്ക് കർഷകർ മാർച്ച് നടത്തും. സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. അതേസമയം നിർഭാഗ്യകരമായ സംഭവമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു.

പ്രതിഷേധത്തിന് അയവ് വരുന്നതുവരെ പ്രദേശത്തേക്ക് നേതാക്കളെ കടത്തിവിടില്ലെന്ന് പൊലീസ് പറഞ്ഞു. ലഖിംപൂരിലേക്ക് പുറപ്പെട്ട ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബഹുജൻ സമാജ്‌വാദി പാർട്ടി നേതാവ് സതീഷ് ചന്ദ്ര വീട്ടുതടങ്കലിലാണ്. ആം ആദ്മി നേതാവ് സഞ്ജയ് സിംഗിനെ ലഖിംപൂരിലേക്ക് കടത്തിവിട്ടില്ല.