മുംബയ്: ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവർ പിടിയിലായ മയക്കുമരുന്ന് കേസിൽ പ്രതികളുടെ കൈയിൽ നിന്ന് പിടികൂടിയത് കൊക്കെയ്നും ചരസും എം ഡി എം എയും ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ. സാനിറ്ററി പാഡിലും മരുന്ന് കുപ്പിക്കുളിലും ആയിട്ടാണ് മയക്കുമരുന്നുകൾ കൂടുതലായും സൂക്ഷിച്ചിരുന്നത്. ഇതിൽ ആര്യൻ ഖാൻ തന്റെ ലെൻസ് ബോക്സിനുള്ളിലാണ് മയക്കുമരുന്ന് സൂക്ഷിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ആര്യൻ ഖാൻ ഉൾപ്പെടെ എട്ട് പേരെ ആഡംബര കപ്പലിലെ പാർട്ടിക്കിടയിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന് നർക്കോട്ടിക്‌സ് അധികൃതർ പിടികൂടുന്നത്.
ആര്യൻ ഖാന്റെ വാട്സാപ്പ് മെസേജുകൾ പരിശോധിച്ച പൊലീസ് ഇയാൾ ഇതിനുമുമ്പും നിരവധി തവണ സുഹൃത്തുക്കളോടൊപ്പം മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെകുറിച്ച് ചർച്ച ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. ശനിയാഴ്ച പിടികൂടിയവരിൽ ആര്യൻ ഖാനെയും മറ്റ് മൂന്ന് പേരെയും മാത്രമാണ് പൊലീസ് കോടതിയിൽ ഹാജരാക്കിയത്. ഇവരെ ഇന്ന് വരെ റിമാൻഡിൽ വിട്ടുനൽകിയിട്ടുണ്ട്. മറ്റ് അഞ്ച് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കി കൂടുതൽ ചോദ്യം ചെയ്യലിന് വേണ്ടി റിമാൻഡിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.