നാഗ്പൂർ: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയ ട്രെൻഡിംഗായ 'നാഥുറാം ഗോഡ്‌സെ സിന്ദാബാദ്' എന്ന ഹാഷ്ടാഗിനെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്രയിലെ വനിതാ ശിശുക്ഷേമ മന്ത്രി യശോമതി ഠാക്കൂർ രംഗത്തെത്തി. മഹാത്മാവിനെ വധിച്ച, ഇന്ത്യയിലെ ആദ്യത്തെ ഭീകരനാണ് ഗോഡ്‌സെ എന്നായിരുന്നു യശോമതി പറഞ്ഞത്. ഇത്തരം രാജ്യദ്രോഹ പോസ്റ്റുകൾ അയയ്ക്കുന്നവരെ നിരുത്സാഹപ്പെടുത്താൻ സമൂഹ മാദ്ധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും ആവർ ആവശ്യപ്പെട്ടു.
'മഹാത്മാവിനെ വധിച്ച ഇന്ത്യയിലെ ആദ്യത്തെ ഭീകരനാണ് ഗോഡ്‌സെ. നമ്മുടെ നാട്ടിൽ ഒരു കൊലയാളിക്ക് പിന്തുണ ലഭിക്കുന്നത് വളരെ അത്ഭുതകരമാണ്. നമ്മുടെ ഏറ്റവും വലിയ നേതാവിനെക്കുറിച്ചുള്ള മോശം പരാമർശങ്ങൾ ആർക്കും സഹിക്കാൻ കഴിയില്ല. ആക്ഷേപകരമായ എല്ലാ പോസ്റ്റുകളും നീക്കം ചെയ്യണമെന്ന് ഞാൻ ട്വിറ്റർ മാനേജ്‌മെന്റനോട് അഭ്യർത്ഥിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനു സമാനമാണ്. അത്തരം പ്രവൃത്തികളെ ഏറ്റവും ശക്തമായ ഭാഷയിൽ തന്നെ അപലപിക്കണം'യശോമതി പറഞ്ഞു. പ്രസ്താവന പുറത്തുവന്നതോടെ മന്ത്രിക്കെതിരെ ഗോഡ്‌സെ അനുകൂലികൾ രംഗത്തെത്തിയിട്ടുണ്ട്.
ഗാന്ധി ജയന്തി ദിനത്തിൽ ലോകം മുഴുവൻ മഹാത്മാ ഗാന്ധിയെ ആദരിക്കുമ്പോഴാണ് ഗാന്ധി ഘാതകനായ ഗോഡ്‌സെക്ക് നന്ദി പറയാനും സിന്ദാബാദ് വിളിക്കാനും ചിലർ രംഗത്തെത്തുന്നത്. എല്ലാവർഷവും ജനുവരി മുപ്പതിനും, ഇക്കൂട്ടർ മറക്കാതെ സടകുടഞ്ഞെഴുനേൽക്കും. പിന്നീടങ്ങോട്ട് ഗാന്ധിജിയെ അപഹസിച്ചു കൊണ്ടും ഗോഡ്‌സെയെ വാനോളം പുകഴ്ത്തിക്കൊണ്ടും ഗാന്ധിജിയെ വധിച്ചതിന് നന്ദി പറഞ്ഞുകൊണ്ടുമുള്ള പോസ്റ്റുകളുടെ പെരുമഴയാണ്. ഇങ്ങനെയൊക്കെ ചെയ്താലും ഇവർക്കെതിരെ ഒരു നടപടിയും ഉണ്ടാവാറില്ല. പരാതി നൽകിയാലും അധികൃതർ അതൊന്നും കാര്യമാക്കാറില്ല.