അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 232-ാമത് സീരീസ് നറുക്കെടുപ്പിൽ ഇരുപതുകോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത് മലയാളിക്ക്. കൊല്ലം സ്വദേശി നഹീൽ നിസാമുദ്ദീനാണ് ആ ഭാഗ്യവാൻ. കഴിഞ്ഞമാസം 26ന് നഹീൽ വാങ്ങിയ 278109 നമ്പർ ടിക്കറ്റാണ് സമ്മാനം ലഭിച്ചത്.
എന്നാൽ സന്തോഷവാർത്ത അറിയിക്കാൻ നറുക്കെടുപ്പ് വേദിയിൽ നിന്ന് ബിഗ് ടിക്കറ്റ് പ്രതിനിധികൾ നഹീലിനെ ബന്ധപ്പെട്ടെങ്കിലും സംസാരിക്കാനായില്ല. നഹീലിനെ ബന്ധപ്പെട്ട് എത്രയും പെട്ടെന്നുതന്നെ സമ്മാനവിവരം അറിയിക്കുമെന്ന് സംഘാടകർ അറിയിച്ചു. നഹീലിനൊപ്പം നിരവധി മലയാളികൾക്കും നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചു.
00017 നംബർ ടിക്കറ്റ് വാങ്ങിയ ഇന്ത്യക്കാരനായ ഏഞ്ചലോ ഫെർണാണ്ടസാണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹത്തിന് അർഹനായത്. സൗത്ത് കൊറിയനായ ജയീൻ ലീക്കാണ് മൂന്നാം സമ്മാനം ലഭിച്ചത്.മഞ്ചു തങ്കമണി മധുവാണ് നാലാം സമ്മാനമായ 90,000 ദിർഹത്തിന് അർഹയായത്. ഫിലിപ്പീൻസ് സ്വദേശിയായ ജെഫ്രി പുമറെജയ്ക്ക് അഞ്ചാം സമ്മാനമായ 80,000 ദിർഹം ലഭിച്ചു. ആറാം സമ്മാനമായ 70,000 ദിർഹം ഷാജിർ ജബ്ബാർ സ്വന്തമാക്കി. ഏഴാം സമ്മാനമായ 60,000 ദിർഹം അൻസാർ എം ജെ വാങ്ങിയ 218561 നംബർ ടിക്കറ്റിനാണ് ലഭിച്ചത്. 023270 നംബർ വാങ്ങിയ ശ്യാം കുമാർ പിള്ളയാണ് എട്ടാം സമ്മാനമായ 50,000 ദിർഹം സ്വന്തമാക്കിയത്. കൂടാതെ ഡ്രീം കാർ പ്രൊമോഷനിലൂടെ മുഹമ്മദ് ഹാസിം പരപ്പാറയ്ക്ക് റേഞ്ച് റോവർ കാർ ലഭിക്കുകയും ചെയ്തു.