girl-eloped

വെഞ്ഞാറമൂട്: വീട്ടുകാരറിയാതെ കാമുകിയെ കടത്തിക്കൊണ്ടുവരുന്നതിനിടെ കാർ അപകടത്തിൽപ്പെട്ട് കാമുകനടക്കം നാലുപേർക്ക് പരിക്ക്. വിഴിഞ്ഞം സ്വദേശിയായ ഷമീർ(24), ഇയാളുടെ കാമുകിയായ പതിനെട്ടുകാരി, ഷമീറിന്റെ ബന്ധുക്കളായ ഹക്കീം (24), സുബൈദ് (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ വെഞ്ഞാറമൂട് കോലിയക്കോടായിരുന്നു അപകടം. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പെൺകുട്ടിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് കുട്ടി വീട്ടിലില്ലെന്ന വിവരം രക്ഷിതാക്കൾ അറിഞ്ഞത്.

കോട്ടയം കാഞ്ഞിരപ്പള്ളിയിലുള്ള പെൺകുട്ടിയുമായി ഷെമീർ ഓൺലൈനിലൂടെയാണ് പരിചയപ്പെട്ടത്. ഇത് വളർന്ന് പ്രണയമായി. ബന്ധത്തെക്കുറിച്ച് പെൺകുട്ടിയുടെ വീട്ടുകാർക്കും അറിയാമായിരുന്നു. രണ്ട് വർഷം കഴിഞ്ഞ് വിവാഹത്തെക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു ഇവർ പറഞ്ഞിരുന്നത്. ഇതിനിടെയാണ് ഷെമീറും ബന്ധുക്കളും ചേർന്ന് കുട്ടിയെ വിളിച്ചിറക്കിക്കൊണ്ട് പോയത്.

പെൺകുട്ടിയുമായി വിഴിഞ്ഞത്തേക്ക് പോകുന്നതിനിടെ കോലിയക്കോട് പൂലന്തറയിൽവച്ച് നിയന്ത്രണം വിട്ട ഇവരുടെ കാർ മതിലിലിടിക്കുകയായിരുന്നു. കാറിന്റെ എയർബാഗ് പ്രവർത്തിച്ചതിനാൽ വലിയ അപകടം ഒഴിവായി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് സംശയിക്കുന്നത്. പരിക്കേറ്റ നാലുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.