cinema

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രമേശ് പിഷാരടി. അവതാരകൻ, സംവിധാനം, അഭിനയം, മിമിക്രി എന്നിങ്ങനെ കടന്നു ചെല്ലുന്ന മേഖലയിലെല്ലാം തന്റെ കഴിവ് തെളിയിച്ചിച്ചുണ്ട് അദ്ദേഹം. കഴിഞ്ഞ ആഴ്‌ച 40 വയസ് തികഞ്ഞ പിഷാരടിയ്‌ക്ക് നിരവധി പേരാണ് ആശംസകളുമായി എത്തിയത്. കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും പിഷാരടിക്ക് സമ്മാനിച്ച കേക്ക് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പക്ഷിയും ഓന്തും മരവും ഇലയുമൊക്കെ നിറഞ്ഞതായിരുന്നു പിഷാരടിയുടെ പിറന്നാൾ കേക്ക്. ''ഞങ്ങളുടെ പിഷുവിന്… പ്രകൃതി ഇടപെടും."" എന്ന കുറിപ്പോടെയാണ് ചാക്കോച്ചനും പ്രിയയും കേക്ക് അയച്ചത്. ''പിറന്നാളിന് പ്രിയയും കുഞ്ചാക്കോ ബോബനും കൊടുത്തു വിട്ട കേക്ക്. മുറിക്കാനും തിന്നാനും മനസു വരുന്നില്ല."" എന്നാണ് കേക്ക് കൈയിൽ കിട്ടിയ പിഷാരടി കുറിച്ചത്. പിഷാരടിക്ക് ജന്മദിന ആശംസകൾ നേർന്നുകൊണ്ട് മഞ്ജു വാര്യർ പങ്കുവെച്ച ഒരു വീഡിയോയും ശ്രദ്ധിക്കപ്പെട്ടു. രമേഷ് പിഷാരടിയെ സുഹൃത്തുക്കൾ പിഷുവെന്നാണ് വിളിക്കാറുള്ളത്. പിഷാരടിയെ മകനും അങ്ങനെ വിളിക്കുമ്പോൾ പിഷുവല്ല തന്നെ അച്‌ഛനെന്ന് വിളിക്കെടാ എന്ന് രമേഷ് പിഷാരടി പറയുന്ന വീഡിയോയാണ് മഞ്ജു വാര്യർ പോസ്റ്റ് ചെയ്‌തത്. മമ്മൂട്ടിയോടോപ്പം കേക്കുകൾ മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രവും പിഷാരടി പങ്കുവെച്ചിരുന്നു.