satheesan

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ഇങ്ങനെ ഒരാളെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രിക്ക് സലാമെന്നായിരുന്നു പ്ലസ് വണ്‍ പ്രവേശന വിഷയത്തെക്കുറിച്ച് നിയമസഭയിൽ നടന്ന ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവിന്റെ പരിഹാസം. വി ഡി സതീശന് അതേ നാണയത്തിൽ തന്നെ വി ശിവൻകുട്ടി മറുപടി നൽകുകയും ചെയ്തു. താൻ സർവവിജ്ഞാനകോശം കേറിയ ആളല്ല. ആരാണ് സതീശനെ പ്രതിപക്ഷ നേതാവ് ആക്കിയത്. അവരുടെ ഇടയിൽ തന്നെ അതേക്കുറിച്ച് ചോദ്യം ഉയരുന്നുണ്ട്. മറ്റുള്ള എല്ലാവരോടും സതീശന് പുച്ഛമാണ് എന്നായിരുന്നു മന്ത്രിയുടെ തിരിച്ചടി

പ്ലസ് വൺ സീറ്റ് ക്ഷാമത്തെ ചൊല്ലി സഭയിൽ രൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായത്. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. സർക്കാരിൻ്റെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ അധിക ബാച്ചുകൾ അനുവ​ദിക്കാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സഭയെ അറിയിച്ചു. പ്ലസ് വണ്‍ പ്രവേശന വിഷയത്തില്‍ ഒക്ടോബര്‍ ഏഴിന് രണ്ടാം അലോട്ട്മെന്റിനു ശേഷം സ്ഥിതി വിലയിരുത്തുമെന്നും ഏഴ് ജില്ലകളില്‍ 20 ശതമാനം സീറ്റ് വര്‍ദ്ധിപ്പിച്ചെന്നും അറിയിച്ച മന്ത്രി 4.25 ലക്ഷം പേര്‍ക്കാണ് പ്രവേശനം നല്‍കാനാവുന്നതെന്നും പറഞ്ഞു. തുടർന്ന് സംസാരിച്ചപ്പോഴാണ് പ്രതിപക്ഷ നേതാവ് സർക്കാരിനും വിദ്യാഭ്യാസമന്ത്രിക്കും നേരെ അതിരൂക്ഷ വിമർശനം നടത്തിയത്. മന്ത്രിയുടേത് കള്ളക്കണക്കെന്നും മാതാപിതാക്കളെ നിരാശപ്പെടുത്തരുതെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. സതീശന്റെ പ്രസ്താവന നിയമസഭയിൽ ബഹളത്തിന് കാരണമാവുകയും ചെയ്തു.