സ്തനകോശങ്ങളുടെ അമിതവളർച്ച കാരണമുണ്ടാകുന്ന രോഗമാണ് സ്തനാർബുദം. സ്ത്രീകളിലും പുരുഷന്മാരിലും സ്തനാർബുദം ഉണ്ടാകാം. ലോകത്താകമാനമുള്ള അർബുദ രോഗങ്ങളിൽ ശ്വാസകോശാർബുദത്തിന് ശേഷം ഏറ്റവും കൂടുതലുണ്ടാകുന്ന അർബുദമാണിത്.
തുടക്കത്തിലേ
തിരിച്ചറിഞ്ഞാൽ...
മാറിടം മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ വേണ്ടിവരില്ല. അങ്ങനെ അംഗവൈകല്യത്തെ ചെറുക്കാൻ കഴിയും. റേഡിയേഷൻ ചികിത്സയും കീമോതെറാപ്പിയും ഒഴിവാക്കപ്പെടാനും ചിലപ്പോൾ ഇതിലൊന്ന് മാത്രമായി ചുരുക്കാനും കഴിയും. കീമോയുടെയും റേഡിയേഷന്റെയും ഡോസിൽ കുറവ് വരുത്താൻ സാധിക്കും.
മാറിടങ്ങളിലും കക്ഷഭാഗത്തും കാണുന്ന വ്യത്യാസങ്ങളെല്ലാം കാൻസർ ആകണമെന്നില്ല. 80 ശതമാനം വരുന്ന മാറിടങ്ങളിലെ മുഴകളും കാൻസർ അല്ലാത്ത മറ്റു അസുഖങ്ങളാണ്. അതുകൊണ്ടു തന്നെ സർജറിയിലെ ഒരു ഡോക്ടറെ കാണിച്ച് കാൻസർ അല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
വേദന രഹിതമായ വ്യത്യാസങ്ങളും മുഴകളുമാണ് സാധാരണ കാൻസറിന്റെ ലക്ഷണം. വേദനയും ബുദ്ധിമുട്ടുകളും ഇല്ലെന്ന കാരണത്താൽ ചികിത്സയ്ക്ക് വിധേയമാക്കാതിരിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നുണ്ട്. അങ്ങനെ കാൻസറിന്റെ ഘട്ടങ്ങൾ മുന്നോട്ടു പോകുമ്പോൾ ചികിത്സയും സങ്കീർണമാകും. ഇതിൽ ഒരു മാറ്റം വരുത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള അവബോധ പരിപാടികളും ചർച്ചകളും സംഘടിപ്പിക്കുന്നതും ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതും.
രോഗനിർണയം
സങ്കീർണമല്ല
ക്ലിനിക്കൽ എക്സാമിനേഷൻ അഥവാ ഡോക്ടറുടെ കൈ കൊണ്ടുള്ള പരിശോധനയാണ് ആദ്യത്തേത്. റേഡിയോളജിക്കൽ എക്സാമിനേഷൻ അഥവാ മാമോഗ്രാം, അൾട്രാസൗണ്ട് സ്റ്റഡി, എം.ആർ.ഐ സ്റ്റഡി അല്ലെങ്കിൽ സി.ടി സ്കാൻ ഇതിൽ ഏത് വേണമെന്ന് രോഗിയുടെ പ്രായവും മറ്റു കാര്യങ്ങളും പരിഗണിച്ച് ഡോക്ടർ തുടർന്ന് തീരുമാനിക്കുന്നു. ടിഷ്യു ഡയഗ്നോസിസ് അഥവാ മുഴയുടെ അൽപ്പം എടുത്തുള്ള പരിശോധന. ഇതിന് എഫ്.എൻ.എ.സി (ഫൈൻ നീഡിൽ ഉപയോഗിച്ച് ) കോർ ബയോപ്സി, ഇൻ സിഷൻബയോപ്സി എന്നിവയും വേണ്ടിവന്നേയ്ക്കാം.
രോഗം കണ്ടെത്തിയാൽ
വേണം, പ്രത്യേക പരിഗണന
ശാരീരിക അസ്വസ്ഥതകൾക്കൊപ്പം മനസിനും ഒരുപാട് ആഘാതം ഏൽപ്പിക്കുന്ന രോഗമാണ് കാൻസർ. രോഗം മൂർച്ഛിക്കുമോയെന്ന ഭയം, ചികിത്സയെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ വികാരപരമായ ബുദ്ധിമുട്ടുകളാണ്. ഒരു കുടുംബത്തിന്റെ സാമ്പത്തിക ഭദ്റതയെയും കുടുംബ സാഹചര്യങ്ങളെയും ആശ്രയിച്ചാണ് ചികിത്സയെക്കുറിച്ചുള്ള ആശങ്കകളുണ്ടാകുന്നത്.
സ്വന്തമായി വരുമാനമില്ലാത്ത വയോജനങ്ങൾ സർക്കാർ മേഖലയെ മാത്രം ആശ്രയിക്കേണ്ടി വരുന്നു. അച്ഛന്റെയോ അമ്മയുടെയോ ചികിത്സാർത്ഥം നിത്യ തൊഴിലിൽ നിന്ന് മാറി നിൽക്കേണ്ടി വന്നാൽ കുടുംബത്തിന്റെ സാമ്പത്തിക ഭദ്റതയെ ബാധിക്കും. തിരികെച്ചെല്ലുമ്പോൾ തൊഴിൽ ലഭ്യമാകണമെന്നില്ല. സാമൂഹികമായ പ്രശ്നങ്ങളും വലുതാണ്.
രോഗികളായവർക്ക് തൊഴിലിലേക്ക് എന്ന് തിരികെപ്പോകാനാകുമെന്ന ആശങ്കയുണ്ടാകും. പഴയതുപോലെ തൊഴിൽ ചെയ്യാനാകുമോയെന്നതും ഒരു സാമൂഹിക പ്രശ്നം തന്നെയാണ്. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും അവരുടെ പരിപാലനവും താളം തെറ്റുന്നു. കുട്ടികളുടെ മാനസികാവസ്ഥ അച്ഛനമ്മനാരുടെ മാനസികാവസ്ഥയ്ക്ക് അനുബന്ധമായി മാറ്റപ്പെടുന്നു. അത് കുഞ്ഞുങ്ങളുടെ ഭാവിയെയും വിദ്യാഭ്യാസ ലക്ഷ്യത്തെയും മാറ്റിയേക്കാം. കുടുംബാംഗങ്ങൾക്കുണ്ടാകുന്ന മാനസിക പിരിമുറുക്കം മറ്റൊരു കുടുംബ പ്രശ്നമാണ്. മേൽപ്പറഞ്ഞ സാമൂഹികവും കുടുംബപരവുമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിനുള്ള ഉത്തരവാദിത്വം ഇന്ന് രോഗിക്കും കുടുംബത്തിനും തന്നെയാണ്. ഇതിന് ഒരു മാറ്റം അനിവാര്യമാണ്. സാമൂഹവും ഭരണാധികാരികളും മേൽപ്പറഞ്ഞ പ്രശ്ന പരിഹാരത്തിന് പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്.
ചികിത്സ
ഒരു ടീം വർക്കാണ്
കാൻസറുള്ള ഭാഗം ഘട്ടം അനുസരിച്ച് ഓപ്പറേഷന് വിധേയമാക്കുക, ഓപ്പറേഷന് ശേഷം റേഡിയേഷൻ, പിന്നെ ആവശ്യാനുസരണം കീമോതെറാപ്പിയും നൽകുക എന്നിങ്ങനെയാണ് നിലവിലെ ചികിത്സാരീതി. സ്തനാർബുദ ചികിത്സ ഒരു ടീം വർക്ക് ആണ്. ജനറൽ സർജൻ, ഓങ്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, പാത്തോളജിസ്റ്, സൈക്യാട്രിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ടീം വർക്കിലൂടെയാണ് ഒരു കാൻസർ രോഗിയെ ചികിത്സിക്കേണ്ടത്. മൂന്നാഴ്ചയിലധികം നീണ്ടുനിൽക്കുന്ന വിഷാദവും നിരാശയും അനുഭവപ്പെടുന്നവർക്ക് സൈക്യാട്രിസ്റ്റിന്റെ സേവനം ഉറപ്പുവരുത്തേണ്ടതാണ്.
സാദ്ധ്യതയുള്ളവർ
50 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകൾ
പാരമ്പര്യമായി കുടുംബത്തിൽ ആർക്കെങ്കിലും സ്തനാർബുദമുണ്ടായിട്ടുള്ളവർ
10 വയസിന് മുമ്പ് ആർത്തവം ആരംഭിച്ചിട്ടുള്ളവർ
55 വയസിനുശേഷം അതായത് വളരെ വൈകി ആർത്തവ വിരാമം ഉണ്ടായിട്ടുള്ളവർ
പാലൂട്ടൽ ദൈർഘ്യം കുറച്ചവർ
ഒരിക്കലും പാലൂട്ടാത്തവർ
ആദ്യത്തെ ഗർഭധാരണം 30 വയസിനുശേഷം നടന്നവർ
ഒരിക്കലും ഗർഭിണിയാകാത്തവർ
ആർത്തവ വിരാമത്തിനുശേഷം അമിത ഭാരമുണ്ടായവർ
ജനിതക വ്യതിയാനം ഉണ്ടായിട്ടുള്ള ബ്രസ്റ്റ് കാൻസർ ജീനുകളുള്ളവർ
ഡോ. പ്രമീളാദേവി,
കൺസൾട്ടന്റ് , ജനറൽ സർജറി
എസ്.യു.ടി ആശുപത്രി,
പട്ടം, തിരുവനന്തപുരം.