aryan-khan

മുംബയ്: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അടക്കം മയക്കുമരുന്ന് കേസിൽ അറസ്‌റ്റിലായ സംഭവത്തിൽ വമ്പൻ ട്വിസ്‌റ്റ്. ഒരു മലയാളിയാണ് ആര്യൻ ഖാന് മയക്കുമരുന്ന് കൈമാറിയതെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട് ശ്രേയസ് നായർ എന്നയാളെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡിയിലെടുത്തു. ഇയാളെ ഉടൻ അറസ്‌റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.

ആര്യനും സുഹൃത്ത് അർബാസ് ഖാനും മയക്കുമരുന്നു നൽകിയത് ശ്രേയസ് ആണെന്നാണു റിപ്പോർട്ട്. ആര്യന്റെയും അർബാസിന്റെ മൊബൈൽ ചാറ്റിൽനിന്നാണ് ശ്രേയസിന്റെ വിവരം എൻസിബിക്കു ലഭിച്ചത്. ഇവർ മൂവരും മുമ്പും ചില പാർട്ടികളിൽ ഒരുമിച്ചു പങ്കെടുത്തിരുന്നതായി ചാറ്റിൽനിന്നു വ്യക്തമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആര്യനുൾപ്പെടെയുള്ളവർ പോയ ആഡംബരക്കപ്പലിൽ ശ്രേയസും യാത്ര ചെയ്യാനിരുന്നതാണ്. എന്നാൽ അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു.

എന്നാൽ തങ്ങൾക്ക് ലഹരി മരുന്ന് നൽകിയത് ആരാണെന്ന് താരപുത്രനും സംഘവും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി എൻസിബി ആര്യനെ കൂടുതൽ ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും. ചോദ്യം ചെയ്യലിനിടെ ആര്യൻ ഖാൻ പൊട്ടിക്കരഞ്ഞതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ നാല് വർഷമായി താൻ ലഹരി മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ആര്യൻ അന്വേഷണ ഉദ്യോഗസ്ഥരോട് തുറന്നുപറഞ്ഞു.

ബ്രിട്ടനിലും ദുബായിലും താമസിച്ചിരുന്ന സമയത്ത് താൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും ആര്യന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ആഡംബര കപ്പലിലെ ലഹരി പാർട്ടിയ്ക്കിടെ ആര്യനെക്കൂടാതെ സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുണ്‍മുണ്‍ ധമേച്ച, ഇസ്മീത് സിങ്, മൊഹക് ജസ്വാല്‍, ഗോമിത് ചോപ്ര, നുപുര്‍ സരിഗ, വിക്രാന്ത് ഛോക്കാര്‍ എന്നിവരെയും എൻ സി ബി അറസ്റ്റ് ചെയ്തിരുന്നു.