ന്യൂഡൽഹി: പെട്രോൾ വിലവർദ്ധനവിൽ നട്ടംതിരിയുന്ന പൊതുജനത്തിന് ആശ്വാസമായി മാരുതി. ലിറ്ററിന് 26 കിലോമീറ്റർ മൈലേജ് നൽകുന്ന മാരുതി സെലേറോയുടെ നവീകരിച്ച മോഡൽ നവംബർ 10ന് പുറത്തിറങ്ങും. വാഹനത്തെകുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും കെ 10 സി പെട്രോൾ എൻജിൻ ആയിരിക്കും ഈ വാഹനത്തിനും കരുത്ത് പകരുകയെന്ന് കരുതുന്നു.
ഇതേ എൻജിന്റെ വിവിധ രൂപഭേദങ്ങളാണ് മാരുതിയുടെ ഒട്ടുമിക്ക വാഹനങ്ങളിലും ഉള്ളത്. സാധാരണ എൻജിനുകളിൽ ഒരു സിലിണ്ടറിൽ ഒരു ഫ്യുവൽ ഇൻജെക്ടർ മാത്രമായിരിക്കും ഉണ്ടാകുക. എന്നാൽ സെലേറിയോയിലെ കെ 10 സി എൻജിനിൽ ഓരോ സിലിണ്ടറിലും ഈരണ്ട് ഫ്യുവൽ ഇൻജെക്ടറുകൾ വീതം ഉണ്ടാകും. ഇത് വാഹനത്തിന് കൂടുതൽ ഇന്ധനക്ഷമത കൈവരിക്കാൻ സഹായിക്കുന്നു. പുതിയ സെലേറിയോയിലും മൂന്ന് സിലിണ്ടർ എൻജിൻ ആണ് ഉള്ളതെങ്കിലും കുറച്ചു കൂടുതൽ പവർ ഇതിൽ നിന്നും ലഭിക്കുമെന്ന് കരുതുന്നു. എന്നാൽ പവർ കൂടുന്നത് അനുസരിച്ച് ഇതിന്റെ മൈലേജ് കുറയുന്നില്ലെന്നത് മാത്രമല്ല പകരം ലിറ്ററിന് 26 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കമ്പനിയുടെ അവകാശവാദം ശരിയാണെങ്കിൽ ഈ ശ്രേണിയിൽ ഏറ്റവും കൂടുതൽ മൈലേജ് ലഭിക്കുന്ന വാഹനമായിരിക്കും സെലേറിയോ. നിലവിൽ ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ മൈലേജ് ലഭിക്കുന്നത് ടാറ്റയുടെ ടിയാഗോയ്ക്കാണ് . ലിറ്ററിന് 23 കിലോമീറ്ററാണ് തിയാഗോയുടെ മൈലേജ്.
അഞ്ച് സിപീഡ് ഗിയർ ബോക്സ് ഉള്ള മാനുവൽ ട്രാൻസ്മിഷനിലും ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും വാഹനം വില്പനയ്ക്ക് ലഭിക്കും. ഇതിനു പുറമേ വാഹനത്തിന്റെ അകവും പുറവും നിരവധി മാറ്റങ്ങളോടെയായിരിക്കും വാഹനം എത്തുക. എന്നാൽ നേരത്തെ പറഞ്ഞിരുന്നതിനു വിപരീതമായി 1.2 ലിറ്റർ എൻജിനു പകരം 1.0 ലിറ്റർ എൻജിനായിരിക്കും സെലേറിയോയിൽ വരിക.