prem-nazir-sheela

മലയാളസിനിമയുടെ എവർഗ്രീൻ ഹിറ്റ് ജോഡികളാണ് പ്രേംനസീർ- ഷീല. കാലങ്ങളിത്ര കഴിഞ്ഞിട്ടും നസീർ-ഷീല വസന്തം മലയാള സിനിമാപ്രേക്ഷകർക്ക് മുന്നിൽ നിന്നും മാഞ്ഞിട്ടുമില്ല. ഏറ്റവും കൂടുതൽ സിനിമകളിൽ നായികാ നായകന്മാർ ആയി എന്ന റെക്കോഡും ഇരുവർക്കും സ്വന്തമാണ്. എന്നാൽ ഒരു സമയത്ത് പ്രിയ ജോഡികൾ തമ്മിൽ വേർപിരിയുകയുണ്ടായി. നസീറിനൊപ്പം ഇനി താൻ അഭിനയിക്കില്ലെന്ന് ഷീല കട്ടായം പറയുകയും ചെയ‌്തു. എന്തായിരുന്നു അന്ന് സംഭവിച്ചതെന്ന് വെളിപ്പെടുത്തുകയാണ്. നിർമ്മാതാവും പ്രേംനസീറിന്റെ ബന്ധുവുമായ താജ് ബഷീർ.

താജ് ബഷീറിന്റെ വാക്കുകളിലൂടെ-

'ഷീല വരുന്നതിന് മുമ്പ് പ്രേംനസീറിന്റെ ജോഡി മിസ് കുമാരിയായിരുന്നു. നിണമണിഞ്ഞകാൽപ്പാടിലാണ് ഷീല ആദ്യമായി പ്രേംനസീറിനൊപ്പം അഭിനയിക്കുന്നത്. കാണാൻ കൊള്ളാവുന്ന ജോഡി എന്ന നിലയിൽ അവരുടെത് ഹിറ്റ് ജോഡിയായി മാറി. അതിനിടയിൽ ഷീലാമ്മ പ്രേംനസീറുമായി പിണങ്ങി. ഷീലാമ്മയ‌്ക്ക് നസീർ സാറിനോട് ഒരു പ്രത്യേക ഇഷ്‌ടമുണ്ടായി. അത് പ്രണയമായിരുന്നോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഷീലാമ്മയ‌ക്ക് നസീർ സാറിനോട് ഭയങ്കര ആരാധനയും ഇഷ്‌ടവുമുണ്ടായിരുന്നു. അത് പരിധി വിടാൻ നസീർ സാർ ഒരിക്കലും അനുവദിച്ചില്ല. പല നടന്മാരും ഒരു ഭാര്യയും കൂടിയാകാം എന്ന് അക്കാലത്ത് തീരുമാനിച്ചേനെ. പ്രത്യേകിച്ച് മുസ്ളിംങ്ങൾക്ക് അതിന് പ്രയാസവുമില്ല. എന്നാൽ സാർ അതിന് തയ്യാറായിരുന്നില്ല. തന്നെ മാതൃകയാക്കി വളർന്നുവരുന്ന ഒരു വലിയ കുടുംബം പിന്നിലുണ്ടെന്ന ബോധം സാറിനുണ്ടായിരുന്നു.

എന്റെ ദേഹത്ത് തൊടാൻ നസീറിനെ സമ്മതിക്കില്ല എന്ന തീരുമാനം എടുത്തത് ഷീലയായിരുന്നു. അങ്ങനെ ഷീല കൊണ്ടുവന്ന നായകനാണ് രവി ചന്ദ്രൻ. പിന്നീട് ഇരുവരും വിവാഹിതരായി. പക്ഷേ പിൽക്കാലത്ത് ഷീലാമ്മ വീണ്ടും നസീർ സാറിനൊപ്പം അഭിനയിച്ചു. അതാണ് സിനിമ'.