തിരുവനന്തപുരം: ജില്ലയിലെ ആശുപത്രികളിൽ ഫയർ ഓഡിറ്റിംഗ് കഴിഞ്ഞിട്ടും അഗ്നിശമന സംവിധാനങ്ങളുടെ കുറവ് ഇപ്പോഴും തുടരുകയാണ്. ജില്ലയിലെ 116 സർക്കാർ - സ്വകാര്യ ആശുപത്രികളിലായി നടത്തിയ ഓഡിറ്റിൽ 21 ആശുപത്രികളിൽ മാത്രമാണ് എടുത്തുമാറ്റാവുന്ന (പോർട്ടബിൾ) അഗ്നിശമന സംവിധാനങ്ങളുള്ളതെന്ന് കണ്ടെത്തി. എന്നാൽ, ഇവയൊന്നും തന്നെ കാലത്തിനൊത്ത് അപ്ഗ്രേഡ് ചെയ്തവയല്ലെന്നതാണ് മറ്റൊരു ശ്രദ്ധേയ വസ്തുത.
ജൂലായിൽ നടത്തിയ ഓഡിറ്റിലാണ് ജില്ലയിലെ ആശുപത്രികളിൽ പകുതിയിടങ്ങളിലും തീപിടിത്ത സാദ്ധ്യത വളരെ കൂടുതലാണെന്നാണ് ഫയർ ഡിപ്പാർട്ട്‌മെന്റ് കണ്ടെത്തിയത്. തീപിടിത്തം തടയുന്നതിന് വേണ്ട യാതൊരു ഉപകരണങ്ങളും ഇവിടങ്ങളിൽ ഇല്ലെന്നും കണ്ടെത്തി. ഉള്ളവയാകട്ടെ പ്രവർത്തിപ്പിക്കാനുള്ള അറിവുള്ളവരും വിരളമെന്നായിരുന്നു റിപ്പോർട്ടിലെ കണ്ടെത്തൽ. തുടർന്ന്, ആശുപത്രി മാനേജ്മെന്റുകളോട് ഫയർ അലാം, ഫയർ എക്‌സ‌്‌റ്റിംഗ്യൂഷർ എന്നിവ അടക്കം സ്ഥാപിക്കാൻ ആവശ്യപ്പെട്ട് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ നോട്ടീസും നൽകി. എന്നാൽ ഒന്നും നടപ്പായില്ലെന്ന് മാത്രം.
രണ്ടാം ഘട്ട ഓഡിറ്റ് നടത്തിയപ്പോഴാണ് പിഴവുകൾ അതുപോലെ തന്നെ തുടരുന്നതായി കണ്ടെത്തിയത്. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ആശുപത്രികളിലെ മാറിയ അന്തരീക്ഷത്തിലും തീപിടിത്ത സാദ്ധ്യത ഒഴിഞ്ഞിട്ടില്ലെന്നാണ് ഫയർ ഫോഴ്സ് റിപ്പോർട്ടിൽ പറയുന്നത്. 116 ആശുപത്രികളിൽ 21 എണ്ണം ഒഴിച്ചാൽ മറ്റൊരിടത്തും അഗ്നിശമന സംവിധാനങ്ങളൊന്നും തന്നെയില്ല. ഇത് ഗുരുതരമായ പ്രശ്നമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വെന്റിലേഷനില്ല
ആശുപത്രികളിൽ ഒരിടത്തും മതിയായ രീതിയിലുള്ള വെന്റിലേഷൻ സംവിധാനങ്ങളില്ല. അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്തേണ്ട സ്‌റ്റെയർ കേസുകൾക്ക് കീഴിൽ പാഴ്‌വസ്തുക്കളും മറ്റ് കൂട്ടിയിട്ട് മാർഗതടസം ഉണ്ടാക്കിയിരിക്കുകയാണ്. ഇത് തീപിടിത്ത സാദ്ധ്യത വർദ്ധിപ്പിക്കുന്നെന്ന് മാത്രമല്ല, അടിയന്തര ഒഴിപ്പിക്കലിന് തടസവും സൃഷ്ടിക്കുന്നുണ്ട്. അടിയന്തര സാഹചര്യത്തിൽ രോഗികളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി എമർജൻസി എക്‌സിറ്റുകൾ തയ്യാറാക്കാനും ആശുപത്രി മാനേജ്മെന്റുകളോട് നിർദ്ദേശിച്ചിരുന്നു. കൊവിഡ് വ്യാപന കാലമായതിനാൽ തന്നെ എല്ലാവരും സാനിറ്റൈസറുകൾ ഉപയോഗിക്കുന്നുണ്ട്. ആശുപത്രികളിലും സാനിറ്റൈസറുകളും മെഡിക്കൽ ഓക്‌സിജൻ അടിയന്തര ഉപയോഗത്തിനായി ധാരാളമായി ശേഖരിക്കുന്നുണ്ട്. സാനിറ്റൈസറിൽ ആൽക്കഹോൾ അടങ്ങിയിരിക്കുന്നതിനാൽ തന്നെ, ഇവയെല്ലം തീപിടിക്കാനുള്ള സാദ്ധ്യത വളരെയേറെയാണെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
ജീവൻ രക്ഷാഉപകരണങ്ങൾ 24 മണിക്കൂറം പ്രവർത്തിപ്പിക്കുന്നതിനാൽ തന്നെ ഇവ വൈദ്യുതിയുടെ വലിയൊരു ഭാഗം ഉപയോഗിക്കുന്നുണ്ട്. പെട്ടെന്ന് തീപിടിത്തം ഉണ്ടായാൽ ഐ.സി.യുവിലും മറ്റും രോഗികളുടെ കിടക്കകളോട് ചേർന്ന് ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങൾക്ക് തീപിടിക്കാനുള്ള സാദ്ധ്യതയും വളരെ വലുതാണെന്ന് ഫയർഫോഴ്സ് ചൂണ്ടിക്കാട്ടുന്നു.
ഫയർ ഫോഴ്സ് എന്തു ചെയ്യും
ആശുപത്രികളിലെ തീപിടത്ത സാദ്ധ്യതകൾ ഓഡിറ്റ് നടത്തി കണ്ടെത്തുകയും അതിനുള്ള പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കാനും മാത്രമെ ഫയർ ഫോഴ്സിന് കഴിയുകയള്ളൂ. ആശുപത്രി മാനേജ്മെന്റുകൾ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണെന്ന് ഫയർഫോഴ്സ് ചൂണ്ടിക്കാട്ടി. എന്നിട്ടും അതിന് തയ്യാറാകാതെ വന്നാൽ ആശുപത്രി മാനേജ്മെന്റുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ കഴിയുന്നത് ജില്ലാ ഭരണകൂടത്തിനോ ദുരന്ത നിവാരണ അതോറിട്ടിക്കോ മാത്രമാണ്. കൊവിഡ് വ്യാപന സാഹചര്യമായതിനാൽ തന്നെ ദുരന്ത നിവാരണ അതോറിട്ടി, തീപിടിത്ത സാദ്ധ്യത കൂടൂതലാണെന്ന മുന്നറിയിപ്പ് നിരന്തരം നൽകുന്നുണ്ട്. ആശുപത്രികളിൽ ഉപയോഗിക്കുന്ന മരുന്ന് ഉൽപന്നങ്ങളാണ് ഇതിനുള്ള സാദ്ധ്യതയേറ്റുന്നത്. സാനിറ്റൈസറുകളിലെ ആൽക്കഹോളും മെഡിക്കൽ ഓക്‌സിജന്റെ അമിത ശേഖരണവും തീപിടിത്തത്തിനുള്ള സാദ്ധ്യത സാധാരണയിൽ കൂടുതലാണ് ഉണ്ടാക്കുന്നത്.