ന്യൂഡൽഹി: ലഖിംപൂരിലേക്കുള്ള യാത്ര തടഞ്ഞതിൽ പ്രതിഷേധിച്ച് സീതാപൂരിലെ ഗസ്റ്റ്ഹൗസ് അടിച്ചുവാരി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കർഷകരുടെ മരണവുമായി ബന്ധപ്പട്ട് യു പി യിലെ ലഖിംപൂരിലേക്കുള്ള യാത്രാമദ്ധ്യേ പ്രിയങ്കയെ പൊലീസ് തടയുകയും ഗസ്റ്റ്ഹൗസിലേക്ക് എത്തിക്കുകയുമായിരുന്നു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര കർഷക സമരത്തിനിടയിലേക്ക് ഓടിച്ചുകയറ്റിയ കാറിടിച്ച് നാല് പേർ കൊല്ലപ്പെട്ടിരുന്നു. ഇവിടേക്കുള്ള യാത്രയ്ക്കിടെയാണ് തിങ്കളാഴ്ച്ച രാവിലെ പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് നേതാക്കളുമടങ്ങുന്ന സംഘത്തെ പൊലീസ് തടഞ്ഞത്. കാറിടിച്ച് നാല് കർഷകർ കൊല്ലപ്പെടുകയും തുടർന്നുണ്ടായ സംഘർഷത്തിൽ മറ്റ് നാലുപേരും മരണമടഞ്ഞിരുന്നു.
വാർത്തയറിഞ്ഞയുടൻ പ്രിയങ്ക ഗാന്ധിയും സംഘവും ലെക്കിംപൂർ ഖേരിയിലേക്ക് തിരിച്ചെങ്കിലും സീതാപൂരിൽ വെച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്യുകയും സീതാപൂർ ഗസ്റ്റ് ഹൗസിൽ എത്തിക്കുകയും ചെയ്തു. ഗസ്റ്റ് ഹൗസിലെ തന്റെ മുറി പ്രിയങ്ക അടിച്ചുവാരുന്ന രംഗങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
തങ്ങളുടെ യാത്ര തടയാനുള്ള വാറണ്ട് കാണണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി യു പി പൊലീസ് ഉന്നതരോട് കയർക്കുന്ന മറ്റൊരു വീഡിയോയും കോൺഗ്രസ് പാർട്ടി പങ്കുവെച്ചു. തർക്കത്തിനിടെ പൊലീസ് നേതാക്കളെ കയ്യേറ്റം ചെയ്തതായി പാർട്ടി ആരോപിച്ചു.
അതേസമയം ലഖിംപൂർ കേസിൽ ആശിഷ് മിശ്ര ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.