ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ സ‌്താനാർബുദം അഥവാ ബ്രസ്‌റ്റ് കാൻസർ കാരണമുള്ള മരണം 13 ശതമാനം വരെയാണ്. 20 വയസിന് താഴെ വളരെ അപൂർവമായി മാത്രമേ സ‌്താനാർബുദം കാണുന്നുള്ളൂ. 0.5ശതമാനം പുരുഷന്മാരിലും സ‌്താനാർബുദം കാണപ്പെടുന്നുണ്ട്. ആകെയുള്ള ബ്രസ്‌റ്റ് കാൻസറിന്റെ അഞ്ച് ശതമാനവും ജനിതക കാരണങ്ങളാൽ പാരമ്പര്യമായി സംഭവിക്കുന്നതാണ്. കാൻസറിനെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ മാസം കാൻസർ മാസമായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. സ‌്താനാർബുദം യഥാസമയം കണ്ടെത്തി ചികിത്സയിക്ക് വിധേയമാക്കുക, കാൻസർ രോഗികളെ മാനസികവും ശാരീരികവുമായി സഹായിക്കുക, അവരുടെ പുനരധിവാസം, സാന്ത്വന ചികിത്സ, കാൻസർ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആധുനിക ജീവിത സൗകര്യങ്ങളും അമിതമായ ഭക്ഷണവും ആയാസരഹിത ജീവിത സാഹചര്യങ്ങളും മാനസിക സമ്മർദ്ദവും വിവിധതരം കാൻസറിന് കാരണമാകുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
അമിതമായി ശരീരത്തിൽ അടിയുന്ന കൊഴുപ്പിൽ നിന്ന് ഇസ്ട്രാഡിയോൾ എന്ന ഹോർമോൺ ഉണ്ടാകുന്നു. ഇത് മാറിലെ കാൻസറിന് കാരണമായേക്കാം. എന്നാൽ, കൃത്യമായ വ്യായാമം അമിതമായ കൊഴുപ്പിനെ പ്രതിരോധിക്കുന്നു. അതേസമയം, മനസിന് അയവും സന്തോഷവും പ്രദാനം ചെയ്യുന്നു. സമൂഹത്തിൽ മാനസിക പിരിമുറുക്കം സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്.
അന്തരീക്ഷ മലിനീകരണം, ജങ്ക് ഫുഡിൽ അടങ്ങിയിരിക്കുന്ന രാസവസ്‌തുക്കൾ, ആഹാരത്തിന് നിറവും രുചിയും നൽകുന്ന രാസപദാർത്ഥങ്ങൾ, ഭക്ഷ്യ വസ്‌തുക്കളിലെ കീടനാശിനിയുടെ സാന്നിദ്ധ്യം, മദ്യപാനം, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം, പാൻമസാല തുടങ്ങി ധാരാളം കാരണങ്ങൾ പലവിധത്തിലുള്ള കാൻസർ രോഗങ്ങളുടെ വർദ്ധനയ്‌ക്ക് ഇടയാക്കുന്നുണ്ട്.
പ്രത്യേകമായ ഒരു കാരണമല്ല കാൻസർ ഉണ്ടാക്കുന്നത്. മറിച്ച് നിരവധി ജീവിത സാഹചര്യങ്ങളാലും നിരന്തരമായ പല കാരണങ്ങളാലുമാണ്.
ജീവിത സാഹചര്യങ്ങളിലൂടെയോ ജനിതക കാരണങ്ങളാലോ ആർക്കും എപ്പോൾ വേണമെങ്കിലും കാൻസർ പിടിപെടാം. അതിനാൽ കാൻസറിനെ ജീവിത ശൈലിയിലൂടെ പ്രതിരോധിക്കുന്നതിനൊപ്പം ആരംഭ ദിശയിലേ കണ്ടുപിടിച്ച് പൂർണ്ണമായി ചികിത്സിച്ച് ഭേദമാക്കാനും ആവശ്യമായ അവബോധം ജനങ്ങളിൽ സൃഷ്ടിക്കേണ്ടതുണ്ട്.
സ്‌തനാർബുദം, സ്വയം പരിശോധനയിലൂടെ തുടക്കത്തിലെ തന്നെ കണ്ടുപിടിച്ചാൽ 100 ശതമാനവും ചികിത്സിച്ച് ഭേദമാക്കാൻ കഴിയും. എല്ലാതരം കാൻസർ രോഗങ്ങളും ആരംഭ ദിശയിൽ അറിയാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ, ചില ലക്ഷണങ്ങൾ പരിശോധനാവിധേയമാക്കേണ്ടതുണ്ട്. ഒരു ലക്ഷണവുമില്ലാതെ കാൻസർ വരാനും ഉയർന്ന അസ്ഥയിലേക്ക് പോകാനുമുള്ള
സാദ്ധ്യതയുണ്ട്. അതിനാൽ ചില രോഗ ലക്ഷണങ്ങൾ കാൻസർ മുഖേനയുള്ളതല്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്. മാത്രമല്ല, ആരംഭ ദിശയിലെ കണ്ടുപിടിക്കാനുള്ള അവസരവുമാണ്.
മാറിടങ്ങളിലെ കാൻസർ തുടക്കത്തിലേ കണ്ടുപിടിക്കാൻ, സ്വയം പരിശോധന എല്ലാ സ്ത്രീകളും പ്രാവർത്തികമാക്കണം.
സ്വയം പരിശോധന എപ്പോൾ, എങ്ങനെ?
കൃത്യമായ മാസമുറയുള്ള സ്ത്രീകൾ, മാസമുറ കഴിഞ്ഞാൽ ഉടനെയും അതില്ലാത്തവർ ഒരുമാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം.
കണ്ണാടിയുടെ മുമ്പിൽ നിന്ന് മാറിടങ്ങൾ നിരീക്ഷിക്കുകയാണ് ആദ്യം വേണ്ടത്. സ്‌തനത്തിന്റെ വലിപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളിൽ വരുന്ന വ്യത്യാസം, പ്രകടമായ മുഴകൾ, കക്ഷ ഭാഗത്തെ മുഴകൾ, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കാൻസർ കൊണ്ടുള്ളതല്ലെന്ന് തീർച്ചപ്പെടുത്തേണ്ടതുണ്ട്.
കക്ഷ ഭാഗങ്ങളും കൈയുടെ പ്രതലം ഉപയോഗിച്ച് ഇരു മാറിടങ്ങളും പരിശോധിക്കണം. മുഴകൾ വളരെ ചെറിയ ദിശയിൽ തന്നെ ഇങ്ങനെ കണ്ടുപിടിക്കാൻ കഴിയും. മുലക്കണ്ണുകൾ അമർത്തി പരിശോധിച്ചാൽ സ്രവം ഉണ്ടെങ്കിൽ അതും കണ്ടുപിടിക്കാം.
ആരംഭദശയിൽ തന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാം എന്നതാണ് സ‌്താനാർബുദത്തെ മറ്റു കാൻസറുകളിൽ നിന്ന് വ്യത്യസ്‌തമാക്കുന്നത്. ആരംഭദശയിലേ കണ്ടു പിടിച്ചാൽ പൂർണമായും ചികിത്സിച്ചു ഭേദമാക്കുകയും ചെയ്യാം. ഒന്നാം ഘട്ടത്തിലും രണ്ടാംഘട്ടത്തിലും കണ്ടെത്തുന്ന കാൻസർ മരണ കാരണമാകുന്നില്ല. ഇത്തരം രോഗികളുടെ ആയുർദൈർഘ്യത്തിന് സ‌്താനാർബുദം മുഖേന പരിമിതിയുമില്ല. എന്നാൽ 4, 5 ഘട്ടങ്ങളിൽ കണ്ടു പിടിക്കപ്പെടുന്ന സ്‌താനർബുദം, 5 മുതൽ 10 വർഷം കഴിയുമ്പോൾ മരണ കാരണമായേക്കാം. ഇത്തരക്കാരിൽ ഓപ്പറേഷനൊപ്പം കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും തുടർ ചികിത്സയും കൃത്യമായ ഇടവേളകളിലെ മറ്റു ചികിത്സയും വേണ്ടി വന്നേക്കാം.