abortion

വാഷിംഗ്ടൺ: ഗർഭസ്ഥശിശുവിന്​ ആറാഴ്​ച പിന്നിട്ടാൽ ഗർഭച്ഛിദ്രം പാടില്ലെന്ന ടെക്​സസ്​ നിയമത്തിനെതിരെ അമേരിക്കയിൽ പ്രതിഷേധം ശക്തം. സെപ്തംബറിലാണ് നിയമം പ്രബല്യത്തിൽ വന്നത്. ഇന്നലെ മാത്രം ഗർഭച്ഛിദ്രം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട്​ ആയിരക്കണക്കിന്​ വനിതകൾ തെരുവിലിറങ്ങി.

'എന്റെ ശരീരം എന്റെ അവകാശം', 'ഗർഭച്ഛിദ്രം നിയമവിധേയമാക്കുക' എന്നീ പ്ലക്കാഡുകളുമായാണ്​ വാഷിഗ്ടണിലെ സുപ്രീംകോടതി കെട്ടിടത്തിനു ചുറ്റും പ്രതിഷേധക്കാർ അണിനിരന്നത്​.

കുഞ്ഞുങ്ങളുടെ കാര്യത്തിൽ പുരുഷന്മാരോ സർക്കാരോ അല്ല, സ്​ത്രീകളാണ്​ തീരുമാനമെടുക്കേണ്ടതെന്ന്​ സമരക്കാർ പ്രതികരിച്ചു. 2017ൽ ഡൊണാൾഡ്​ ​ട്രംപ്​ അമേരിക്കൻ പ്രസിഡന്റായപ്പോൾ വനിതകളുടെ വാർഷിക മാർച്ച്​ നടത്തിയവർ തന്നെയാണ്​ ഇപ്പോഴത്തെ സമരത്തിന് പിന്നിലും. അതേസമയം, നിയമത്തെ അനുകൂലിച്ചും നിരവധിപ്പേർ രംഗത്തെത്തിയിട്ടുണ്ട്. നിഷ്‌കളങ്കരായ കുട്ടികളുടെ രക്തമാണ് നിങ്ങൾ സമരക്കാരുടെ കൈകളിലെന്നാണ് സമരത്തെ എതിർക്കുന്നവരുടെ വാദം.