വാഷിംഗ്ടൺ: ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള 336 പ്രമുഖരുടെ രഹസ്യ സമ്പത്തുകളുടെ വിവരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് പൻഡോറ പേപ്പേഴ്സ്. 117 രാജ്യങ്ങളിലെ 150 മാദ്ധ്യമസ്ഥാപനങ്ങളിൽ നിന്നുള്ള 600 പത്രപ്രവർത്തകരെ ഉൾപ്പെടുത്തി ഇന്റർനാഷണൽ കൺസോർഷ്യം ഒഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകൾ (ഐ.സി.ഐ.ജെ)നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്. ഞായറാഴ്ചയാണ് റിപ്പോർട്ട് പുറത്തുവന്നത്.
ലോകനേതാക്കൾ, സെലിബ്രിറ്റികൾ, കായികതാരങ്ങൾ, രാഷ്ട്രീയക്കാർ തുടങ്ങിയവർ നികുതിവെട്ടിച്ചും മറ്റും നിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ട രേഖകളാണിവ.പനാമ പേപ്പറുകൾ സമാഹരിച്ച മാദ്ധ്യമ സംഘമാണ് ഇതിന് പിന്നിലും. ഇന്ത്യയുൾപ്പെടെ 91 രാജ്യങ്ങളിലെ പ്രമുഖരുടെ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഏഷ്യയിലേയും മിഡിൽ ഈസ്റ്റിലെയും രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ളവരുടെ സാമ്പത്തിക വിവരങ്ങൾ രേഖകളിലുണ്ട്. ഇന്ത്യയിൽ നിന്ന് സച്ചിൻ ടെണ്ടുൽക്കർ, അനിൽ അംബാനി, സാമ്പത്തിക തട്ടിപ്പുകേസ് പ്രതിയായ നീരവ് മോദിയും സഹോദരി പൂർവി മോദിയും, കിരൺ മസുന്ദർ ഷാ, ബോളിവുഡ് നടൻ ജാക്കി ഷെറോഫ് എന്നിവരാണ് പട്ടിയിലുള്ളത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, പോപ്പ് ഗായിക ഷക്കീറ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, സൂപ്പർ മോഡൽ ക്ലൗഡിയ ഷിഫർ എന്നിവരുടെ പേരും പട്ടികയിലുണ്ട്. പാകിസ്ഥാനിൽ നിന്ന് ഏഴ് പേരാണുള്ളത്. പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ഏറെ അടുപ്പമുള്ളവരാണിവർ.പാക് ധനമന്ത്രിയും ധനകാര്യ ഉപദേഷ്ടാവും പട്ടികയിലുണ്ടെന്നാണ് സൂചന. പട്ടികയിലുള്ളവരെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഇമ്രാൻ ഖാൻ അറിയിച്ചു.
@ സാമ്പത്തിക വെട്ടിപ്പുകൾ
ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമന് ബ്രിട്ടനിലും അമേരിക്കയിലുമായി 7 കോടി പൗണ്ട് (703 കോടി രൂപ) രഹസ്യസമ്പത്തുള്ളതും അസർബൈജാൻ ഭരിക്കുന്ന അലിയെവ് കുടുംബം രഹസ്യസമ്പാദ്യം ഒളിപ്പിക്കാൻ വിദേശത്ത് ശൃംഖല കെട്ടിപ്പടുത്തതും രേഖകളിലുണ്ട്.
പുടിന് മൊണാകോയിൽ രഹസ്യസമ്പാദ്യമുണ്ടെന്നും ടോണി ബ്ലെയറും ഭാര്യ ചെറി ബ്ലെയറും ലണ്ടനിൽ 64.5 ലക്ഷം പൗണ്ടിന്റെ വീടു വാങ്ങിയപ്പോള്‍ 3 ലക്ഷം പൗണ്ടിന്റെ സ്റ്റാംപ് ഡ്യൂട്ടി ഒഴിവാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
@കുറ്റക്കാരാവില്ല
മറ്റ് രാജ്യങ്ങളിലുള്ള ബാങ്കുകളുടെ അക്കൗണ്ടുകൾ (ഓഫ്‌ഷോർ അക്കൗണ്ട്)വഴിയാണ് നികുതിനിയമങ്ങൾ മറികടക്കാൻ ഇവർ ശ്രമം നടത്തിയിട്ടുള്ളതെന്നാണ് വിവരം. പലരാജ്യങ്ങളിലും ഇതിന് നിയമപരിരക്ഷയുള്ളതിനാൽ ഇവർ കുറ്റക്കാരാണെന്ന ആരോപണമുയരില്ലെന്നാണ് റിപ്പോർട്ട്.
സച്ചിന്റെ നിക്ഷേപങ്ങൾ നിയമപരമാണ്. അധികൃതർക്ക് രേഖകൾ നൽകിയിട്ടുണ്ട്.
സച്ചിന്റെ അഭിഭാഷകൻ