frances-hagen

വാഷിംഗ്ടൺ: ഫേസ്ബുക്കിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരിയായ ഫ്രാൻസസ് ഹാഗൻ. രണ്ട് വർഷം ഫേസ്ബുക്കിന്റെ സിവിക് ഇൻഫർമേഷൻ ടീമിലെ പ്രൊഡക്ട് മാനേജരായിരുന്നു അവർ.

'ഞാൻ മുമ്പ് പല സമൂഹമാദ്ധ്യമങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ, ഫേസ്ബുക്കിൽ സ്ഥിതി വളരെ ഗുരുതരമാണ്. സുരക്ഷയ്ക്ക് മേൽ ലാഭമുണ്ടാക്കുകയാണ് ഫെയ്‌സ്ബുക്ക് - ഹാഗൻ പറഞ്ഞു.

ഫെയ്‌സ്ബുക്കിലെ വിദ്വേഷ പ്രചരണം, വിഭജനമുണ്ടാക്കും വിധമുള്ള രാഷ്ട്രീയ പ്രസ്താവനകൾ, വ്യാജ വാർത്ത എന്നിവയുടെ ഉറവിടങ്ങൾ സംബന്ധിച്ച് ഫേസ്ബുക്കിന് ധാരണയുണ്ടായിരുന്നു. എഫ്.ബി ആപ്പുകൾ വിപരീതമായി ബാധിക്കുന്നുണ്ടെന്ന് ഫേസ്ബുക്കിന് അറിയാമായിരുന്നുവെന്നും ഹാഗൻ താൻ പുറത്തുവിട്ട രേഖകളിൽ വ്യക്തമാക്കി.

എഫ്.ബി അൽഗൊരിതത്തിൽ വലിയ പ്രശ്‌നങ്ങളുണ്ട്. അഞ്ച് മിനിറ്റ് നേരം എഫ്.ബി സ്‌ക്രോൾ ചെയ്യുന്ന ഒരാളെ കാണിക്കുന്ന ഉള്ളടക്കങ്ങളെല്ലാം അയാളുടെ മുൻകാലത്തെ ഇടപെടലുകളെ (engagement) അടിസ്ഥാനമാക്കിയാണ്. വ്യാജവാർത്തകളും, വിദ്വേഷ പ്രചാരണ സന്ദേശങ്ങളും ഈ രീതിയില്‍ നിരന്തരം ആളുകളിലേക്ക് എത്തുന്നു. അത് സമൂഹത്തെ മോശമായി ബാധിക്കും.

2020 ലെ യുഎസ് കാപിറ്റോള്‍ ആക്രമണവും ഹാഗൻ ചൂണ്ടിക്കാണിക്കുന്നു.

ഇൻസ്റ്റഗ്രാമുമായി ബന്ധപ്പെട്ട ഗവേഷണ വിവരങ്ങൾ വാൾസ്ട്രീറ്റ് ജേണലിന് നൽകിയത് ഹാഗനാണ്. സുപ്രധാന വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട സഹായങ്ങൾ നൽകുന്ന സംഘടനയായ വിസിൽബ്ലോവർ എയ്ഡിന്റെ സഹായത്തിലാണ് ഹാഗൻ വിവരങ്ങൾ പുറത്തുവിട്ടത്.

@ പരാതി നൽകി

ഫേസ്ബുക്ക് പരസ്യ പ്രസ്താവനകളിലൂടെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പ്രഖ്യാപനങ്ങളും പ്രവൃത്തിയും തമ്മിൽ യാതൊരുവിധ ബന്ധവുമില്ല എന്നും കാണിച്ച് യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മിഷനിൽ ഹാഗൻ പരാതി നൽകിയിട്ടുണ്ട്. 2020 ലെ യു.എസ് തിരഞ്ഞെടുപ്പിന് ശേഷം വ്യാജ വാർത്തകൾ പ്രചരിക്കുന്നതിൽ എഫ്.ബിയുടെ പങ്ക്, കൗമാരക്കാരുടെ മാനസികാരോഗ്യത്തിൽ എഫ്.ബി ഉല്‍പന്നങ്ങളുടെ സ്വാധീനം എന്നിവ സംബന്ധിച്ച രേഖകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയ ഇവർ ചില അനുബന്ധ രേഖകൾ അവർക്ക് കൈമാറിയിട്ടുണ്ട്.

കൗമാരക്കാരെ എഫ്.ബി എങ്ങനെ ബാധിക്കുന്നു എന്നതുമായി ബന്ധപ്പെട്ട് യു.എസ് കോൺഗ്രസ് അംഗങ്ങളുടെ ചോദ്യങ്ങൾക്കും ഹൗഗൻ മറുപടി പറയും.