മുംബയ്: ആഢംബരക്കപ്പലിലെ ലഹരിവിരുന്ന് കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാൻ ഉൾപ്പെടെയുള്ളവരെ മുംബയ് കോടതി മൂന്ന് ദിവസത്തെ എന്‍.സി.ബി കസ്റ്റഡിയില്‍ വിട്ടു. ആര്യന്‍ ഖാനെ കൂടാതെ അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍ മുണ്‍ ധമേച്ച എന്നിവരെയാണ് കോടതി കസ്റ്റഡിയിൽ വിട്ടത്. മൂന്ന് ദിവസത്തെ കസ്റ്റഡി മാത്രമാണ് കോടതി അനുവദിച്ചത്. അന്വേഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് കസ്റ്റഡിയില്‍ വിടുന്നതെന്ന് കോടതി വ്യക്തമാക്കി.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ പ്രതികളുടെ കസ്റ്റഡി അന്വേഷണ സംഘത്തിന് ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. രാജ്യാന്തര ലഹരി മാഫിയയുമായി ആര്യനു ബന്ധമുണ്ടെന്നു തെളിയിക്കുന്ന രേഖകള്‍ ഫോണില്‍നിന്നു ലഭിച്ചുവെന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്‍.സി.ബി വ്യക്തമാക്കി. സംഘാടകര്‍ തന്നെ അതിഥിയായി ക്ഷണിച്ചതാണെന്ന വാദമാണ് ആര്യന്റെ അഭിഭാഷകൻ കോടതിയില്‍ ഉന്നയിച്ചത്.
ജാമ്യമില്ലാത്ത കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളതെന്നു കേസ് പരിഗണിച്ച കോടതി വ്യക്തമാക്കി. ലഹരി ഇടപാടുമായി യാതൊരു ബന്ധവുമില്ലെന്ന് ആര്യന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. എന്നാൽ കപ്പലിലും പുറത്തുമായി നടത്തിയ തുടര്‍ റെയ്ഡുകളില്‍, വാണിജ്യാടിസ്ഥാനത്തില്‍ സൂക്ഷിച്ചിരുന്ന ലഹരിമരുന്നു ശേഖരം കണ്ടെത്തിയെന്ന് എന്‍.സി.ബി വ്യക്തമാക്കി. ഫോണ്‍ ചാറ്റില്‍ കോഡ് ഭാഷയാണ് ഉപയോഗിച്ചിട്ടുള്ളത്. ബാങ്ക്, പണമിടപാടുകളുടെ കാര്യങ്ങളിലും വ്യക്തത വേണമെന്നും എന്‍.സി.ബി അറിയിച്ചു.
ലഹരിമരുന്നു വിതരണം ചെയ്ത ശ്രേയസ് നായരെ എന്‍.സി.ബി അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ചയാണ് ആര്യന്‍ അടക്കം എട്ടുപേരെ അറസ്റ്റു ചെയ്തത്. മുംബയില്‍നിന്നു ഗോവയിലേക്കു പുറപ്പെട്ട കോര്‍ഡിലിയ എന്ന കപ്പലിലായിരുന്നു ലഹരിവേട്ട.