council

തിരുവനന്തപുരം: നികുതി വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ അറസ്‌റ്റ് ചെയ്യുന്നതുവരെ ബിജെപി കൗൺസിലർമാർ തിരുവനന്തപുരം നഗരസഭയിൽ പ്രഖ്യാപിച്ച സമരം ഇനിയും തുടരും. മേയർ വിളിച്ച അനുനയശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണിത്. ഉദ്യോഗസ്ഥരെ അറസ്‌റ്റ് ചെയ്യണം എന്ന പ്രമേയം കൗൺസിൽ യോഗത്തിൽ പാസാക്കണമെന്ന് ബിജെപി കൗൺസിലർമാ‌ർ ആവശ്യപ്പെട്ടു. അന്വേഷണം നടക്കുന്നതിനാൽ അതിന് നിർദ്ദേശം നൽകാനാവില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. അന്വേഷണം പൂർത്തിയായിട്ടേ അതിന് സാധിക്കൂ. ഇതോടെ കഴിഞ്ഞ ആറ് ദിവസമായി കോർപറേഷൻ കൗൺസിൽ ഹാളിൽ നടക്കുന്ന സമരം തുടരാൻ തന്നെ ബിജെപി തീരുമാനിച്ചു.

ജനത്തിന് ഒരു രൂപ പോലും നഷ്‌ടമായിട്ടില്ലെന്നും നികുതി സോഫ്‌റ്റ്‌വെയറിലെ പിഴവുകൾ സർക്കാരിനെ അറിയിക്കുമെന്നും മേയർ പറഞ്ഞു. നികുതി കുടിശികയുള‌ളവരുടെ പട്ടിക ഒരു മാസത്തിനകം പ്രസിദ്ധീകരിക്കും. നികുതിയടച്ച രസീത് കൈവശമില്ലത്തവരുടെ പരാതി പ്രത്യേകം പരിശോധിക്കുമെന്നും അറിയിച്ചു. ഇന്നത്തെ അനുനയവും പരാജയപ്പെട്ടതോടെ സമരം കോർപറേഷൻ ആസ്ഥാനത്തിന് പുറത്തേക്ക് ബിജെപി വ്യാപിപ്പിക്കാൻ ശ്രമം തുടങ്ങിയതായാണ് വിവരം.