pk-krishnadas

കണ്ണൂര്‍: ഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെയ്ക്ക് കമ്മ്യൂണിസ്റ്റുകാരോടുമായിരുന്നു ബന്ധമെന്ന വാദവുമായി ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്. അതിനാൽ ഗോഡ്സെയുടെ ചരിത്രം കമ്മ്യൂണിസ്റ്റുകാരോട് ചോദിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോഡ്സെയ്ക്ക് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുണ്ടായിരുന്നു. ആ രാഷ്ട്രീയപ്പാര്‍ട്ടിയുടെ തലപ്പത്ത് ഉണ്ടായിരുന്ന ആളുകള്‍ക്കൊക്കെ ഞങ്ങളുമായല്ല ബന്ധം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായാണ്. ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാക്കാന്‍ സാധിക്കും. ഗോഡ്‌സെയുടെ കാലത്ത് ഹിന്ദു മഹാസഭയുടെ അദ്ധ്യക്ഷന്‍ എന്‍.സി ചാറ്റര്‍ജിയായിരുന്നു. അദ്ദേഹത്തിന്റെ മകനായിരുന്നു സോമനാഥ് ചാറ്റര്‍ജി. അവരുടെ കുടുംബ പശ്ചാത്തലം മുഴുവന്‍ കമ്മ്യൂണിസ്റ്റ് പശ്ചാത്തലമായിരുന്നു.

എന്‍.സി ചാറ്റര്‍ജിയും സോമനാഥ് ചാറ്റര്‍ജിയുമെല്ലാം കമ്മ്യൂണിസ്റ്റ് പശ്ചാത്തമുള്ളവരാണ്. ഹിന്ദു മഹാസഭയില്‍ നിന്നുകൊണ്ട് തന്നെയാണ് എന്‍.സി ചാറ്റര്‍ജി ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നതും ജയിക്കുന്നതും. എന്‍.സി. ചാറ്റര്‍ജി ആദ്യം കൊല്‍ക്കത്തയില്‍നിന്ന് പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് രണ്ടുതവണ തോറ്റു. ഇതിനുശേഷം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചതും ജയിച്ചതും,' അദ്ദേഹം പറഞ്ഞു. സോമനാഥ് ചാറ്റര്‍ജി പിന്നീട് കമ്മ്യൂണിസ്റ്റുകാരനായിട്ടുണ്ടാകാം. അതുകൊണ്ട് ഗോഡ്സെയുടെ ചരിത്രമെല്ലാം കമ്മ്യൂണിസ്റ്റുകാരോട് ചോദിച്ചാല്‍ മതി. മഹാത്മാഗാന്ധിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടത് നെഹ്റുവിന്റെ ഭാരതത്തിലല്ലെന്നും നരേന്ദ്ര മോദിയുടെ ഭാരതത്തിലാണെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.

മഹാത്മാഗാന്ധി ജീവിച്ചിരിപ്പുണ്ടെങ്കില്‍ ആര്‍.എസ്.എസുകാരനാകുമായിരുന്നുവെന്നും കൃഷ്ണദാസ് ആവര്‍ത്തിച്ചു